ലാഹോര്‍: പാകിസ്താനില്‍ മതനിന്ദക്കെതിരായ റാലികള്‍ക്ക് നേതൃത്വം നല്കിയ ഇസ്ലാം പുരോഹിതനെതിരെ ലൈംഗിക പീഡനക്കേസ്. മതപഠന സ്കൂളിലെ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് അസീസ് ഉര് റഹ്മാന് എന്ന മതപുരോഹിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാള്‍ കുട്ടിയ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തില്‍ പ്രചരിച്ചതോടെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇയാള്‍ക്കെതിരായ വീഡിയോ ഓഡിയോ തെളിവുകള്‍ വിദ്യാര്‍ത്ഥി പോലീസിന് സമര്‍പ്പിച്ചിരുന്നു. വര്‍ഷങ്ങളായി ഈ മതപുരോഹിതന് തന്നെ ദുരുപയോഗം ചെയ്തു വരികയായിരുന്നുവെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. പോലീസിന് സമര്‍പ്പിച്ച വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ച് അറിയില്ലെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. പ്രമുഖ മത രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗമായ ഇയാള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മതപാഠശാലയില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
ഫ്രാന്‍സില്‍ മുഹമ്മദ് നബിക്കെതിരായ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് നടന്ന റാലികള്‍ക്കെല്ലാം ഇയാള്‍ നേതൃത്വം നല്‍കിയിരുന്നു. പുരോഹിതനെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി സ്കൂളിന്റെ മേല്‍നോട്ടം വഹിക്കുന്ന സംഘടനയായ വഫക് ഉല് മദാരിസ് വ്യക്തമാക്കി. അതേസമയം വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നത്.
അതേസമയം ഇയാള്‍ ലൈംഗിക പീഡന ആരോപണം നിഷേധിച്ചു. വീഡിയോ ചിത്രീകരിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്നും, വീഡിയോ ചിത്രീകരിക്കുന്നതിന് മുന്‍പ് തന്നില്‍ മയക്കുമരുന്ന് കുത്തിവച്ചുവെന്നും ഇയാള്‍ ആരോപിച്ചു. ജാമിയ മന്‍സൂര്‍ ഉല് ഇസ്ലാമിയ മതപഠനശാലയില്‍ നിന്ന് തന്നെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ഇയാള്‍ പറഞ്ഞു.
Post Your Comments