KeralaLatest NewsNews

ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്ന് കരുതരുത് : മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്‌നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസറായി നിയോഗിച്ചതായി മുഖ്യമന്ത്രി അറിയിച്ചു . നോഡല്‍ ഓഫീസറെ സഹായിക്കുന്നതിനായി ഒരു വനിതാ എസ്.ഐയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 9497999955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാവുന്നതാണ്. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്‍കുന്ന പരാതികള്‍ക്ക് മുന്തിയ പരിഗണന നല്‍കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Read Also : ലോകത്ത് സ്ത്രീകളേക്കാള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്‍മാരെന്ന് ലോകാരോഗ്യ സംഘടന: കണക്കുകള്‍ പുറത്ത്

‘ ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധം കുഞ്ഞുങ്ങളിലേക്ക് പകരരുത്. സ്ത്രീ പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകള്‍ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിന് ഉതകുന്ന പാഠങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സ്ത്രീധനം ചോദിച്ചതിന്റെ പേരില്‍ ആ കല്യാണം തനിക്ക് വേണ്ട എന്ന് പറഞ്ഞ പെണ്‍കുട്ടികളെ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്നതാവാന്‍ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവര്‍ സ്വന്തം മക്കളെ വില്‍പ്പന ചരക്കായി മാറ്റുകയാണെന്ന് ഓര്‍ക്കണമെന്നും ‘ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

‘ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ചില മരണങ്ങള്‍ നമ്മെയാകെ ഉല്‍കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലാണുണ്ടാകുന്നത് എന്നത് നിസാര കാര്യമല്ല. അത്തരം വിഷയങ്ങള്‍ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. വനിതകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ തടയുന്നതിന് ഡൊമസ്റ്റിക് കണ്‍ഫ്‌ളിക്റ്റ് റെസല്യൂഷന്‍ സെന്റര്‍ എന്ന സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
അതിക്രമത്തിന് ഇരയാകുന്ന വനിതകളുടെ പരാതി ജില്ലാ പോലീസ് മേധാവിമാര്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കുന്ന പരിപാടിയാണിത്. ഈ സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കാനും പരാതികളില്‍ അടിയന്തിര നടപടി സ്വീകരിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി’ – മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button