ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 53,256 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 88 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്.
24 മണിക്കൂറിനിടെ 78,190 പേര്‍ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 2,88,44,199 ആയി. ഇതുവരെ രാജ്യത്ത് 2,99,35,221 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 7,02,887 സജീവ കേസുകളാണുള്ളത്.
പ്രതിദിന കണക്ക് കുറഞ്ഞുവരുന്നുണ്ടെങ്കിലും മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുന്നത് ആശങ്കയായി നിലനിൽക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 1422 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെ 3,88,135 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
ഇതുവരെ 28,00,36,898 വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. അധികം താമസിക്കാതെ ഏറ്റവും കുറഞ്ഞത് ഡിസംബറോടെ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ശ്രമം.
Post Your Comments