ന്യൂഡല്‍ഹി : മുസ്ലിം വൃദ്ധന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ട്വീറ്റുകള്‍ വ്യാപകമായി പ്രചരിച്ച സംഭവത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് ഉത്തര്‍പ്രദേശ്. ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരി പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്ന് യുപി പൊലീസ് അറിയിച്ചു. വ്യാഴാഴ്ച നേരിട്ട് ഹാജരാകാനാണ് ആവശ്യപ്പെട്ടത്.ഗാസിയാബാദില്‍ മുസ്ലിം വൃദ്ധന്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിലാണ് നടപടി. റസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ ധര്‍മേന്ദ്ര ചതുറിനോടും നേരിട്ട് ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also : രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സിംബോക്‌സ് അന്വേഷണം കേരളത്തിലേയ്ക്ക്
വ്യാഴാഴ്ച രാവിലെ 10.30 ക്ക് നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം. നേരിട്ട് എത്തിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഏഴു ദിവസത്തിനകം ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു നേരത്തേ പോലീസ് നോട്ടീസ്. എന്നാല്‍ ഈ കേസ് നേരിട്ട് കൈകാര്യം ചെയ്യുന്നില്ലെന്നായിരുന്നു എംഡിയുടെ മറുപടി.
അതേസമയം ട്വിറ്റര്‍ ഇന്ത്യയുടെ എംഡി എന്ന നിലയില്‍ ഇന്ത്യയിലെ ട്വിറ്ററിന്റെ പ്രതിനിധി താങ്കളാണെന്നും അതിനാല്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും പോലീസ് നോട്ടീസില്‍ പറയുന്നു. ഗാസിയാബാദ് സംഭവവുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ സമൂഹത്തില്‍ പിരിമുറുക്കം സൃഷ്ടിക്കാന്‍ കാരണമായെന്നും ഇത് വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിക്കാനിടയാക്കിയെന്നും നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നു.
Post Your Comments