തൃശൂർ: അധോലോക രാജാവിനെ കുറിച്ചുള്ള സംവിധായകൻ സിദ്ദിഖിന്റെ വെളിപ്പെടുത്തലിൽ വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി വാര്യർ. സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടൻ സായികുമാറിനെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ദാവൂദ് ഇബ്രാഹിമിൻ്റെ ആളുകളുടെ സഹായം തേടി എന്ന സംവിധായകന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് സന്ദീപ് ഫേസ്‌ബുക്കിൽ കുറിച്ചു. മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദിഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്ന് സന്ദീപ് വ്യക്തമാക്കുന്നു.
‘1993 ലാണ് മുംബൈ സീരിയൽ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്ലർ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 – 96 സമയം , ദാവൂദ് ഇബ്രാഹിമിൻ്റെ ചോരക്കായി ഇന്ത്യൻ ഏജൻസികൾ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങൾ പോലും ഡി കമ്പനിയുമായി സംസാരിക്കാൻ ഭയന്ന കാലം. സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടൻ സായികുമാറിനെ ദുബായിൽ നിന്ന് നാട്ടിലെത്തിക്കാൻ ദാവൂദ് ഇബ്രാഹിമിൻ്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകൻ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാർ ആൻറ് സ്റ്റയിലിന് മാർച്ചിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എൻ്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.’- സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ കുറിച്ചു.
‘വിഷുവിനു ഹിറ്റ്‌ലർ റിലീസ് പ്ലാൻ ചെയ്ത് അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നതിനിടെ തമിഴ്‌നാട്ടിൽ സിനിമാ സമരം വന്നു. പൊള്ളാച്ചിയിലായതിനാൽ സംഘടനക്കാർ വന്ന് ഞങ്ങളുടെ ഷൂട്ടിങ് നിർത്തിച്ചു. അത് വലിയ ടെൻഷനായി. കാരണം ഷൂട്ടിങ് ഉടൻ നടന്നില്ലെങ്കിൽ വിഷുവിനു റിലീസ് ചെയ്യാൻ പറ്റില്ല. ക്ലൈമാക്സ് സെറ്റിന്റെ പണി പൂർത്തിയായിരിക്കുകയാണ്. ക്ലൈമാക്സിൽ കെട്ടിടത്തിന് തീപിടിക്കുന്ന സീൻ ഞങ്ങൾ ആദ്യം സെറ്റ് പണി തുടങ്ങിയ സമയത്ത് ഷൂട്ട് ചെയ്തു വെച്ചതിരുന്നു. അതിനിടെ ഗൾഫിൽ സ്റ്റേജ് ഷോയ്ക്ക് പോയ സായ്കുമാറും വന്നില്ല. എത്ര ശ്രമിച്ചിട്ടും സായ്കുമാർ തിരികെ വരാൻ തയ്യാറായില്ല. അന്ന് ദാവൂദ് ഇബ്രാഹിമിൻ്റെ ആളുകൾ വഴിയാണ് സായ്കുമാറിനെ തിരികെയെത്തിച്ചത്. അധികം വൈകാതെ സമരം തീർന്നു’.- സ്റ്റാർ ആൻറ് സ്റ്റെയിലിനു നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് പറഞ്ഞു.
Post Your Comments