തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വീസുകള്‍ ഇന്ന് തടസപ്പെടും. ഇന്റര്‍നെറ്റ് ബാങ്കിംഗ്, യോനോ, യുപിഐ ഉള്‍പ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെടുക. ഉച്ചയ്ക്ക് 1 മണി മുതല്‍ 1.40 വരെ സേവനങ്ങളില്‍ തടസം നേരിടുമെന്ന് എസ്ബിഐ അറിയിച്ചു.
ഡെപ്പോസിറ്റ് മെഷീനായ എഡിഡബ്ല്യുഎംഎസില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ സാധിക്കില്ലെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്. വ്യാപകമായ രീതിയില്‍ പണം തട്ടിപ്പ് ഉണ്ടായ സാഹചര്യത്തിലാണ് ഈ സേവനം നിര്‍ത്തിവെയ്ക്കാന്‍ എസ്ബിഐ തീരുമാനിച്ചത്. ഇക്കാര്യം സംബന്ധിച്ച് ഐടി വിഭാഗം പരിശോധന നടത്തിവരികയാണ്. പ്രശ്‌നം പരിഹരിച്ച ശേഷം ഉപയോക്താക്കള്‍ക്ക് മെഷീനില്‍ നിന്നും പണം പിന്‍വലിക്കാനുള്ള സംവിധാനം പുന:സ്ഥാപിക്കും.
എസ്ബിഐയ്ക്ക് രാജ്യത്താകമാനം 22,000 ശാഖകളും 57,899 എടിഎമ്മുകളുമുണ്ട്. ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് എസ്ബിഐയ്ക്ക് 85 മില്യണ്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപഭോക്താക്കളും 19 മില്യണ്‍ മൊബൈല്‍ ബാങ്കിംഗ് ഉപഭോക്താക്കളുമാണുള്ളത്. ഇതിന് പുറമെ, 135 മില്യണ്‍ യുപിഐ ഉപഭോക്താക്കളും എസ്ബിഐയ്ക്കുണ്ട്.
Post Your Comments