Latest NewsIndiaNewsCrime

പ്രണയബന്ധം വീട്ടിൽ പറയുമെന്ന് ഭീഷണിപ്പെടുത്തി 17കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭീഷണിപ്പെടുത്തി 17കാരിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയ ബന്ധുവായ 25കാരനെതിരെ കേസ്. ബന്ധുവിന്റെ കൂട്ടുകാരനുമായുള്ള പ്രണയം വീട്ടില്‍ പറയുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച അമ്മ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ 17കാരി സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

രാജ്‌ക്കോട്ടിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 25കാരന്റെ കല്യാണത്തിനിടെയാണ് ബന്ധുവിന്റെ കൂട്ടുകാരനെ പെണ്‍കുട്ടി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി വളര്‍ന്നു. ഇത് കണ്ടുപിടിച്ച ബന്ധു ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പന്ത്രണ്ടാം ക്ലാസുകാരിയെ നിരന്തരം ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ആറുമാസം മുന്‍പ് കൂട്ടുകാരനുമായുള്ള അടുപ്പം വീട്ടുകാരോട് പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയുണ്ടായി. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്.

അടുത്തിടെ മകളുടെ ശരീരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ ശ്രദ്ധിച്ച അമ്മ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കി. ആദ്യം കാര്യങ്ങൾ പറയാന്‍ തയ്യാറാവാതിരുന്ന പെൺകുട്ടി പിന്നീട് തനിക്ക് ഉണ്ടായ ദുരനുഭവം തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയില്‍ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button