ഡൽഹി: ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയത്. ഇത്തരം കേസുകളിൽ 2020 ലെ പകർച്ചവ്യാധി നിയന്ത്രണ ഭേദഗതി നിയമം ഉൾപ്പെടെ ചുമത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കോവിഡ് സാഹചര്യത്തിലും ആരോഗ്യ പ്രവർത്തകർക്കെതിരേ ആശുപത്രികളിൽ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. നിലവിലെ സാഹചര്യത്തിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും എതിരെയുള്ള അക്രമത്തിൽ കർശന നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണെന്ന് അജയ് ഭല്ല വ്യക്തമാക്കി.
അക്രമങ്ങൾ ഊതിപ്പെരുപ്പിക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ഉണ്ടാകുന്ന നീക്കങ്ങൾ ശ്രദ്ധയോടെ വിലയിരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. കോവിഡ് വ്യാപന സമയത്ത് രാജ്യത്തെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും നൽകിയ സംഭാവനകൾ വിവരിക്കുന്ന പോസ്റ്ററുകൾ ആശുപത്രികളിലും സമൂഹമാദ്ധ്യമങ്ങളിലും പ്രചരിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. അക്രമങ്ങളിൽ നിന്ന് പിന്തിരിയാൻ ഇതിലൂടെ സമൂഹത്തെ പ്രേരിപ്പിക്കാൻ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
Post Your Comments