ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരെ വിടാതെ പിന്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം. ഇതിന്റെ ഭാഗമായി ബരാമുള്ളയിലെ ഉറിയില്‍ നടത്തിയ പരിശോധനയില്‍ ഭീകരരുമായി ബന്ധമുള്ള 10 പേര്‍ പിടിയിലായി. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചെടുത്തെന്ന് അധികൃതര്‍ അറിയിച്ചു.
5.5 കിലോ ഗ്രാം ഭാരമുള്ള 11 പാക്കറ്റ് ഹെറോയിന്‍, 10 ഗ്രനേഡുകള്‍, നാല് പിസ്റ്റലുകള്‍, നിരവധി വെടിയുണ്ടകള്‍ എന്നിവയാണ് പിടികൂടിയതെന്ന് എസ്എസ്പി റയീസ് മുഹമ്മദ് ഭട്ട് പറഞ്ഞു. തുടരന്വേഷണത്തില്‍ 21.5 ലക്ഷം രൂപയും 1 ലക്ഷം രൂപയുടെ ചെക്കും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ട്രക്ക്, കാര്‍, സ്‌കൂട്ടി എന്നിവയാണ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. കശ്മീരിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് പിടിയിലായതെന്നും ഇവരെല്ലാവരും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു. വടക്കന്‍ കശ്മീരായിരുന്നു പിടിയിലായ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖല. ജമ്മു കശ്മീരിന് പുറത്തും ഇവര്‍ക്ക് സ്വാധീനമുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments