സതാംപ്ടൺ: മഴപ്പേടിയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ ആവേശം ചോരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. യുകെയിലും മത്സരം നടക്കേണ്ട സതാംപ്ടണിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മഴ തുടരുന്നതിനാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ സെഷൻ കളി നടക്കില്ലെന്നാണ് ഒടുവിൽ കിട്ടുന്ന റിപ്പോർട്ട്.
മത്സരത്തിന്റെ ടോസ് വൈകുമെന്നും ആദ്യ സെഷനിൽ കളിയുണ്ടാകില്ലെന്നും ഐസിസി അറിയിച്ചു. ഇന്ത്യയും ന്യൂസിലാന്റും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. അതേസമയം, മത്സരത്തിൽ ഐസിസി റിസർവ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
‘ആദ്യ ദിവസം തന്നെ മഴ കവരാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. സതാംപ്ടണിലെ മഴപ്പേടി’ എന്ന് ഇംഗ്ലണ്ട് മുൻ നായകൻ കെവിൻ പീറ്റേഴ്സൺ ട്വിറ്ററിൽ കുറിച്ചു. മേഘങ്ങളുടെയും മഴത്തുള്ളികളുടെയും ചിത്രങ്ങൾ സഹിതമാണ് പീറ്റേഴ്സൺ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മത്സരം നടക്കില്ല? ആശങ്കയിൽ ക്രിക്കറ്റ് ലോകം
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ നയിക്കുന്ന രണ്ടു ടീമുകളാണ് അവസാന പോരാട്ടത്തിനിറങ്ങുന്നത്. വിരാട് കോഹ്‌ലിയുടെ ഇന്ത്യയും, കെയ്ൻ വില്യംസിന്റെ ന്യൂസിലാൻഡും. ക്രിക്കറ്റിലെ വമ്പന്മാരെ പരാജയപ്പെടുത്തിയാണ് ഇരുടീമുകളും ഫൈനലിലേക്കെത്തുന്നത്.
Post Your Comments