ഭോപ്പാൽ: ഒരു കിലോ മാമ്പഴത്തിന്റെ വില രണ്ടര ലക്ഷം രൂപ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. മിയോസക്കി എന്ന മാമ്പഴത്തിനാണ് ഇത്രയധികം വിലയുള്ളത്. എന്നാൽ ഇതിനേക്കാൾ അതിശയകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ഈ മാമ്പഴത്തിന്റെ സംരക്ഷണത്തിനായി ജബൽപൂർ സ്വദേശികളായ ദമ്പതികൾ ഏർപ്പെടുത്തിയിരിക്കുന്നത് മൂന്ന് കാവൽക്കാരെയും 9 നായകളെയുമാണ്.
വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ പറമ്പിൽ മാവിൻ തൈകൾ നടുമ്പോൾ ദമ്പതികളായ സങ്കൽപ്പ് പരിഹാറും റാണിയും ഇത്രയും വിലയേറിയ മാമ്പഴങ്ങൾ ഉണ്ടാകുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. സാധാരണ മാവിൻ തൈകളാണെന്ന നിലയിലാണ് ഇവർ ഇതിനെ വളർത്തിയെടുത്തത്. എന്നാൽ കാലക്രമേണ ഇലയിലും മാമ്പഴത്തിലുമെല്ലാം വ്യത്യാസം പ്രകടമായി. തുടർന്ന് ദമ്പതികൾ ഈ മാങ്ങയെ കുറിച്ചുള്ള ഗവേഷണം ആരംഭിച്ചു. ഇതിനൊടുവിലാണ് ജപ്പാനിലെ മിയോസക്കി എന്ന മാമ്പഴമാണിതെന്ന് ഇരുവർക്കും മനസിലായത്.
ജപ്പാനിലെ മിയാസക്കി നഗരത്തിലാണ് ആദ്യം ഈ മാങ്ങകളുണ്ടായത്. അതിനാലാണ് ഈ മാമ്പഴത്തിന് മിയാസക്കി എന്ന പേര് വീണത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വർഷം കിലോഗ്രാമിന് 2.70 ലക്ഷം രൂപയ്ക്കാണ് മിയാസക്കി മാമ്പഴങ്ങൾ വിറ്റഴിച്ചത്. മുൻ വർഷം നിരവധി മാങ്ങകൾ ഇവിടെ നിന്നും മോഷണം പോയിരുന്നു. അത്യപൂർവമായ മാങ്ങയാണെന്ന വിവരം പ്രദേശത്ത് പരന്നതോടെയായിരുന്നു മാമ്പഴങ്ങൾ കവർച്ച ചെയ്യപ്പെട്ടത്. .മാങ്ങകൾ മോഷണം പോകുന്നത് പതിവായതോടെയാണ് സംരക്ഷണത്തിനായി കാവൽക്കാരെയും നായകളെയും നിയോഗിക്കാൻ ദമ്പതിമാർ തീരുമാനിച്ചത്. ഈ സീസണിൽ മാവുകൾ പൂവിട്ടു തുടങ്ങിയതോടെ തന്നെ മാമ്പഴത്തിനായി ദമ്പതികൾക്ക് ധാരാളം ഓർഡറുകളും ലഭിച്ചിരുന്നു.
Post Your Comments