തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെ 27 ലക്ഷം പേര്‍ക്ക് കോവിഡ് രോഗം ബാധിച്ചു എന്നാണ് കണക്ക്. എന്നാൽ മരണം 11744 മാത്രം. ലോക ശരാശരി കണക്കിലെടുത്താല്‍ പോലും മരണ നിരക്ക് ഏറെ കുറവ്. ആരോഗ്യത്തിലെ കേരളാ മോഡലിന് ലോകം കൈയടിക്കുന്നത് ഈ കണക്ക് കാരണമാണ്. എന്നാല്‍ ഇതും തെറ്റാകുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തു വരുന്ന മാധ്യമ റിപ്പോർട്ടുകളിൽ കാണുന്നത്.
കോവിഡില്‍ രോഗികളുടെ പ്രതിദിന കണക്ക് കൂടുന്നതിൽ രാജ്യത്തിന് കേരളം ഒരു ആശങ്കയാണ്. അതിനിടെയാണ് മരണ നിരക്കിലും കണക്കുകള്‍ തെറ്റുമോ എന്ന സംശയം ഉയരുന്നത്. കോവിഡില്‍ മരിച്ചവരുടെ അനാഥരായ കുട്ടികള്‍ക്ക് കേന്ദ്രം സഹായം പോലും നല്‍കുന്നുണ്ട്. കണക്കില്‍ കുറവുള്ളതിനാല്‍ ഈ ആനുകൂല്യങ്ങള്‍ പലര്‍ക്കും നഷ്ടമാകും. ഈ സാഹചര്യത്തിലാണ് സത്യസന്ധമായ കണക്കുകള്‍ പുറത്തുവരണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തില്‍ മരണക്കണക്കിലെ പൊരുത്തക്കേടുകള്‍ പരിഹരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിനു പിന്നാലെയാണ് മന്ത്രി വീണ ജോർജ്ജ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയത്. ജില്ലകളില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ സംസ്ഥാന തലത്തില്‍ പുനഃപരിശോധിച്ച് പലതും ഒഴിവാക്കിയാണ് കഴിഞ്ഞ 15 വരെ പ്രസിദ്ധീകരിച്ചിരുന്നത്. ഈ കണക്കുകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസ് തന്നെയാണു കൈകാര്യം ചെയ്യുന്നത്. ഇതില്‍ പ്രതിപക്ഷവും സംശയം ഉയര്‍ത്തിയിരുന്നു.
എന്നാൽ ഇപ്പോൾ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ കണക്കുകളും കാരണവും അറിയിക്കാന്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കത്തു നല്‍കി. ആകെ കോവിഡ് മരണങ്ങള്‍, ജില്ല തിരിച്ചുള്ള കണക്ക്, ജില്ലകള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടെങ്കില്‍ അതിനുള്ള കാരണം, ഏതെങ്കിലും പ്രദേശങ്ങളില്‍ മരണം കൂടുതലാണെങ്കില്‍ അതിനുള്ള കാരണം എന്നിവ നല്‍കാനാണ് നിര്‍ദ്ദേശം.
നിലവില്‍ കോവിഡ് ബാധിച്ചവര്‍ നെഗറ്റീവായ ശേഷം മരിച്ചാല്‍ അവരെ കോവിഡ് മരണ പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. ഇത് ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് മരണ നിരക്ക് പുനപരിശോധിക്കുന്നത്. ഇതില്‍ തെറ്റുകള്‍ സംഭവിച്ചെന്ന് തെളിഞ്ഞാല്‍ അത് പുതിയ വിവാദമാകും.
Post Your Comments