കൊല്ലം: തിരുവനന്തപുരം ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. മെയ് മാസം15ന് ആര്‍സിസിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയില്‍ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ നദീറ രണ്ടാം നിലയില്‍ തുറന്നു കിടന്ന ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവച്ചുടന്‍ താഴേക്ക് പതിക്കുകയായിരുന്നു.
ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാന്‍ കഴിയാതെ ഇവര്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി കിടന്നു. ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്സ് മറ്റൊരു ബന്ധുവിനെ വിളിച്ചു. 5ന് തന്നെ നദീറയെ ആശുപത്രിയില്‍ എത്തിച്ചെന്ന് ബന്ധു മറുപടി നല്‍കിയതോടെ സുരക്ഷാജീവനക്കാര്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി
അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ നിന്ന് രണ്ട് നില താഴ്ചയിലേക്ക് വീണാണ് യുവതിക്ക് ഗുരുതര പരിക്കേറ്റത്. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചത്. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിന് കാരണമായതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
സംഭവത്തില്‍ ഇലക്‌ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതര്‍ തടിയൂരി. വിവാദം ഒഴിവാക്കാന്‍ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
Post Your Comments