ന്യൂഡല്‍ഹി: ബയോളജിക്കല്‍ ഇ യുടെ’ മെയ്ഡ് ഇന്‍ ഇന്ത്യ കോവിഡ് വാക്സിന്‍ ‘ 90 ശതമാനം ഫലപ്രാപ്തി കൈവരിക്കുമെന്ന് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കല്‍ ഇ വികസിപ്പിച്ചെടുത്ത വാക്സിന്റെ രണ്ടു ഡോസുകള്‍ 250 രൂപ നിരക്കില്‍ നല്‍കാനാകുമെന്നാണ് നിഗമനം.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഈ വാക്‌സിന്‍ ‘ഗെയിം ചേഞ്ചറാ’യിരിക്കുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക പാനലിലെ അംഗമായ ഡോ.എന്‍.കെ.അറോറ പറഞ്ഞു. ‘കോര്‍ബിവാക്സ്’ എന്ന് വിളിക്കുന്ന ബയോളജിക്കല്‍ ഇയുടെ വാക്സിന് നോവാവാക്സ് വാക്‌സിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. കൊറോണയുടെ വിവിധ വകഭേദങ്ങള്‍ക്കെതിരെ 90 ശതമാനത്തിലധികം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്.
സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് നോവവാക്സ് ഇന്ത്യയില്‍ നിര്‍മിക്കുന്നത്. കൂടാതെ നോവാവാക്സിന്റെ ഫലപ്രാപ്തി സംബന്ധിച്ച വലിയ പ്രതീക്ഷയുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു. മികച്ച ഫലപ്രാപ്തിയും വിലകുറവുമാണ് ഇതിന്റെ പ്രത്യേകത. സമാനമായ ഒരു ഇന്ത്യന്‍ വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണത്തിലാണെന്നും വലിയ പ്രതീക്ഷയോടെയാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും ഡോ.അറോറ കൂട്ടിച്ചേര്‍ത്തു .
Post Your Comments