മുംബൈ: മുംബൈയിൽ അനധികൃതമായി 2.7 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി അഥവാ ആംബർഗ്രിസ് വിൽക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. മുലുന്ദിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ചും വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡിലാണ് 2.7 കിലോ വരുന്ന തിമിംഗല ഛർദി പ്രതികളിൽ നിന്ന് പിടികൂടിയത്. കൂടുതൽ പരിശോധനക്കായി തിമിംഗല ഛർദിയുടെ സാമ്പിളുകൾ മറൈൻ ബയോളജിസ്റ്റിലേക്ക് അയച്ചു.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന ഒന്നാണ് ആംബർഗ്രിസ്. പെർഫ്യൂം നിർമിക്കുന്നതിന് വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. പിന്നീട് ഇവയുടെ ഉപയോഗം നിരോധിച്ചു.
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നിങ്ങനെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അറിയപ്പെടുന്നത്. തിമിംഗലത്തിന്‍റെ സ്രവമാണിത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇവ കാണുക. പിന്നീട് ഖരരൂപത്തിലാകും. രൂക്ഷമായ ഗന്ധവും ഇതിനുണ്ടാകും.
Post Your Comments