ചെന്നൈ: ലൈംഗികാതിക്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആള്‍ദൈവം ശിവശങ്കര്‍ ബാബക്കെതിരെ തമിഴ്നാട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിമാനത്താവളങ്ങളില്‍ റെഡ് കോര്‍ണര്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. പോക്സോ നിയമപ്രകാരം മഹാബലിപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചെങ്കല്‍പേട്ട് പൊലീസ് മൂന്ന് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബാബയുടെ ആശ്രമത്തിന് സമീപമുള്ള കേളമ്പാക്കം സുശീല്‍ ഹരി ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്നവരാണ് പരാതി നല്‍കിയത്.
സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി സോഷ്യല്‍ മീഡിയയിലൂടെ, ബാബയുടെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ഭയന്ന് ആള്‍ദൈവം ഒളിവില്‍ പോയി. സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കും. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്ന് വിശ്വസിപ്പിക്കും. തുടര്‍ന്ന് വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്ന് പരാതിയില്‍ പറയുന്നു.
പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്. ചില സമയങ്ങളില്‍ കുട്ടികളെ കയറിപിടിച്ചിരുന്നതായും പരാതിയിലുണ്ട്. കൊവിഡിന് മുന്‍പുവരെ ബാബയുടെ ആശ്രമത്തില്‍ ‘ഭക്തരുടെ’ വന്‍ തിരക്കായിരുന്നു.
സ്‌കൂളിലെ മിക്ക വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. അതിനാല്‍ത്തന്നെ തങ്ങള്‍ നേരിട്ട മോശം അനുഭവം പുറത്തുപറയാന്‍ കുട്ടികള്‍ക്ക് പേടിയായിരുന്നു. പത്മശേശാദ്രി ബാലഭവനിലെ അദ്ധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണു പൂര്‍വവിദ്യാര്‍ത്ഥികള്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.
Post Your Comments