
കൊല്ലം: ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍കൊലക്കേസിന് അവസാനമാകുന്നു. കേസ് അവസാനിച്ചത് 9 വര്‍ഷവും നാലുമാസവും നീണ്ട നിയമനടപടികള്‍ക്കൊടുവിലാണ്. 2012 ഫെബ്രുവരി 15 നാണ് സംഭവം.
കേരള തീരത്തുനിന്ന് 16 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന നീണ്ടകരയില്‍നിന്നുള്ള സെന്റ് ആന്റണീസ് ബോട്ടിനുനേരെ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയില്‍നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലം തങ്കശ്ശേരി സ്വദേശി വാലന്റീന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജീഷ് പിങ്കു എന്നിവരാണ് കൊല്ലപ്പെട്ടത്. നാവികരായ സാല്വെതോര് ജിറോണിനെയും ലെത്തോറെ മാര്സിമിലാനോയുമാണ് വെടിയുതിര്‍ത്തത്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചെന്നായിരുന്നു ഇവരുടെ വാദം.
കരക്കെത്തിച്ച ഇരുവരെയും 2012 ഫെബ്രുവരി 19ന് അറസ്റ്റ് ചെയ്തു. വിചാരണക്കായി സുപ്രീംകോടതി പ്രത്യേക കോടതിയെ നിയോഗിച്ചെങ്കിലും ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം നടപടി നിര്‍ത്തിവെച്ചു.
നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നും മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും 2020 മേയ് 21ന് രാജ്യാന്തര ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചു. നഷ്ടപരിഹാരം നല്‍കാതെ കേസ് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് കോടതി നിലപാടെടുത്തതോടെയാണ് ബന്ധുക്കളുടെ സമ്മതപ്രകാരം നഷ്ടപരിഹാരത്തുക നിശ്ചയിച്ചത്.
Post Your Comments