Latest NewsIndia

കൊവിഡ് വാക്സിനെന്ന പേരില്‍ അജ്ഞാതർ ഫ്ളാറ്റുകളിലെത്തി 390 പേര്‍ക്ക് കുത്തിവയ്‌പ്പെടുത്തു: അമ്പരന്ന് അധികൃതര്‍

അംഗങ്ങളില്‍ നിന്നും പണം കൈയ്യില്‍ സ്വീകരിച്ച ഇവര്‍ പറഞ്ഞ ദിവസം തന്നെ എത്തി കുത്തിവയ്പ്പ് എടുക്കുകയായിരുന്നു.

മുംബൈ : കൊവിഡ് മാഹാമാരി രണ്ടാം തരംഗം കഴിഞ്ഞ് ഇടവേള എടുക്കാനൊരുങ്ങുമ്പോൾ രാജ്യത്തു വാക്സിനേഷൻ തകൃതിയായി നടക്കുകയാണ്. ഇതിനിടെ വാക്സിന്റെ പേരിൽ തട്ടിപ്പ് സംഘവും ഇറങ്ങിക്കഴിഞ്ഞു. മുംബൈ അത്തരമൊരു വന്‍ തട്ടിപ്പിന് സാക്ഷ്യം വഹിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ പണം വാങ്ങി വാക്സിന്‍ നല്‍കുന്ന പദ്ധതിയുടെ മറവിലാണ് തട്ടിപ്പ് അരങ്ങേറിയത്.

മുംബയിലെ കണ്ടിവാലി പ്രദേശത്തെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ ആളുകളാണ് കബളിപ്പിക്കപ്പെട്ടത്. നഗരത്തിലെ ഒരു പ്രശസ്ത ആശുപത്രിയുടെ പ്രതിനിധികള്‍ എന്ന് പരിചയപ്പെടുത്തി ഇവിടെ എത്തിയ മൂന്ന് പേരാണ് വ്യാജ വാക്സിന്‍ നല്‍കി പണം തട്ടിയത്. അംഗങ്ങളില്‍ നിന്നും പണം കൈയ്യില്‍ സ്വീകരിച്ച ഇവര്‍ പറഞ്ഞ ദിവസം തന്നെ എത്തി കുത്തിവയ്പ്പ് എടുക്കുകയായിരുന്നു. 1260 രൂപ നിരക്കിലാണ് വാക്സിന്‍ നല്‍കിയത്.

വാക്സിന്‍ എടുത്തതിന് ശേഷം സ്വീകരിച്ചവരില്‍ ആര്‍ക്കും സാധാരണ ഉണ്ടാവുന്ന തരത്തിലുള്ള പനിയോ, മറ്റ് ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം മുപ്പതിനാണ് ഹിരാനന്ദനി എസ്റ്റേറ്റ് സൊസൈറ്റിയില്‍ 390 ഓളം പേര്‍ക്ക് പണം വാങ്ങി കൊവിഷീല്‍ഡ് വാക്സിനുകള്‍ നല്‍കിയത്. കോകിലബെന്‍ അംബാനി ഹോസ്പിറ്റലിന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്നയാളാണ് ഫ്ളാറ്റ് നിവാസികളുടെ പ്രതിനിധികളുമായി സംസാരിച്ചത്.

വാക്സിന്‍ സ്വീകരിച്ചുവെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഇതെല്ലാം സംശയത്തിന് കാരണമായി. 10 – 15 ദിവസത്തിനുശേഷം മാത്രമാണ് ഇവര്‍ക്ക് വാക്സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചത്. അതില്‍ നാനാവതി, ലൈഫ് ലൈന്‍, നെസ്‌കോ ബിഎംസി വാക്സിനേഷന്‍ സെന്റര്‍ തുടങ്ങിയ സെന്ററുകളുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ ഫ്ളാറ്റ് നിവാസികള്‍ ആശുപത്രിയില്‍ വിളിച്ച്‌ അന്വേഷിച്ചു.

എന്നാല്‍ ഈ ആശുപത്രികള്‍ വാക്സിന്‍ നല്‍കിയതായി അറിയില്ലെന്ന സന്ദേശമാണ് നല്‍കിയത്. കോകിലബെന്‍ അംബാനി ഹോസ്പിറ്റലും ഇത്തരത്തില്‍ വാക്സിന്‍ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന്റെ പേരില്‍ അജ്ഞാത സംഘം 390 പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കുകയും 5 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. വാക്സിന്റെ പേരില്‍ കുത്തിവച്ചത് എന്താണെന്ന ആശങ്കയിലാണ് ഫ്ളാറ്റ് നിവാസികള്‍ ഇപ്പോള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button