തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യുപിഎസ്‌സി സമിതിയുടെ യോഗം ഈ മാസം ചേരാനിരിക്കെ , പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ യു.പി.എസ്.സിക്ക് കത്ത്.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ 30-നു വിരമിക്കുകയാണ്. പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള മൂന്നു പേരുടെ ചുരുക്കപ്പട്ടിക യു.പി.എസ്.സി. സര്‍ക്കാരിനു കൈമാറാനിരിക്കെയാണ് തച്ചങ്കരിക്കെതിരേ ആരോപണങ്ങളുമായി യു.പി.എസ്.സി. ചെയര്‍മാന് കത്തു ലഭിച്ചത്. കത്തയച്ചയാളുടെ മേല്‍വിലാസം കെ.ടി. തോമസ്, നികരത്തില്‍ ഹൗസ്, മത്സ്യപുരി പി.ഒ, വെണ്ടുരുത്തി, കൊച്ചി-29 എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജന്‍സ് ഈ മേല്‍വിലാസക്കാരനെ തെരഞ്ഞു ചെന്നു. കത്തയച്ച കെ.ടി. തോമസ് എന്നയാള്‍ ആറു വര്‍ഷം മുമ്പ് മരിച്ചതാണെന്ന് ഇന്റലിജന്‍സ് കണ്ടെത്തി. പുതിയ വോട്ടര്‍ പട്ടികയില്‍ കെ.ടി. തോമസ് എന്ന പേരില്ല. ഇങ്ങനെയൊരാള്‍ ഇപ്പോഴില്ലെന്നു നഗരസഭാ കൗണ്‍സിലറും മുന്‍ കൗണ്‍സിലറും സാക്ഷ്യപ്പെടുത്തി. കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും താന്‍ പോലീസ് മേധാവിയാകുന്നതിനെതിരേ കരുനീക്കങ്ങള്‍ ശക്‌തമാണെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിക്കു തച്ചങ്കരി പരാതി നൽകി.
സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ 9 പേരുടെ പട്ടികയാണു യുപിഎസ്‌സി പരിഗണിക്കുന്നത്. അരുൺ കുമാർ സിൻഹ, ടോമിൻ ജെ.തച്ചങ്കരി, സുദേഷ് കുമാർ എന്നിവരാണ് ആദ്യ 3 സ്ഥാനക്കാർ.
Post Your Comments