![](/wp-content/uploads/2021/05/kodakara-black.jpg)
തൃശൂര്‍: കൊടകര കവർച്ചാകേസിൽ പിടിച്ചെടുത്ത 1.4 കോടിയും കാറും വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ധര്‍മ്മരാജനും സുനില്‍നായികും ഷംജീറും കോടതിയിൽ വ്യത്യസ്ത ഹർജികൾ നൽകി. എന്നാൽ കൊടകര കുഴല്‍പ്പണകേസില്‍ അന്വേഷണം കഴിയാത്തതിനാല്‍ പണവും കാറും വിട്ടു നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന വാദം ഉയര്‍ത്തി പൊലീസ് ഇന്ന് ഇരിങ്ങാലക്കുട കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
കാറും പണവും വിട്ടു നൽകിയാൽ തെളിവ് നശിപ്പിക്കാന്‍ ഇത് കാരണമാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാകും പോലീസ് സമര്‍പ്പിക്കുക. പോലീസ് പ്രതികളെന്ന് കരുതുന്നവർ നല്‍കിയ ഹര്‍ജിയെ എതിര്‍ത്താണ് ഈ റിപ്പോര്‍ട്ട് നല്‍കുക. കഴിഞ്ഞയാഴ്ചയാണ് പണവും കാറും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ധര്‍മ്മരാജനും സംഘവും ഇരിങ്ങാലക്കുട കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട 3.5 കോടിയില്‍ 25 ലക്ഷം രൂപ തന്റേതാണെന്ന് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായികും 3.25 കോടി ഡല്‍ഹിയില്‍ ബിസിനസ് ആവശ്യത്തിനായി സുഹൃത്ത് ഏല്‍പിച്ചതാണന്ന് ധര്‍മ്മരാജനും അവകാശപ്പെട്ടു.
കാര്‍ തന്റേതാണെന്ന് ഡ്രൈവര്‍ ഷംജീറും വ്യക്തമാക്കിയിരുന്നു. ആദ്യം മൂന്നു പേര്‍ക്കും വേണ്ടി ധര്‍മരാജന്‍ നല്‍കിയ ഹര്‍ജി കോടതി മടക്കിയിരുന്നു. പിന്നീട് മൂന്ന് പേരും പ്രത്യേകം ഹര്‍ജികള്‍ നല്‍കുകയായിരുന്നു.
Post Your Comments