കൊച്ചി: രാജ്യദ്രോഹക്കേസിൽ ഐഷ സുല്‍ത്താന സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേന്ദ്ര സര്‍ക്കാരിനോടും ലക്ഷദ്വീപ് ഭരണകൂടത്തോടും നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന്റെയും ദ്വീപ് ഭരണകൂടത്തിന്റെയും വിശദീകരണത്തിന് ശേഷം ഹൈക്കോടതി കേസിലെടുക്കുന്ന നിലപാട് സുപ്രധാനമാകും. കേസില്‍ ഞായറാഴ്ച ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും. അടിയന്തര സാഹചര്യം പരിഗണിച്ച് കേസ് വ്യാഴാഴ്ച പരിഗണിക്കണമെന്നും ഐഷ സുല്‍ത്താനയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
രാജ്യദ്രോഹകുറ്റം ചുമത്തി ലക്ഷദ്വീപിലെ കവരത്തി പോലീസ് കേസെടുത്തതിന് എതിരെയാണ് ചലച്ചിത്ര പ്രവർത്തകയായ ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസ് പരിഗണിച്ച കോടതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അടുത്ത ദിവസം തന്നെ കേസില്‍ രേഖാമൂലം മറുപടി നല്‍കാമെന്ന് കേന്ദ്രസർക്കാരും ലക്ഷദ്വീപ് അഡ്മിനിട്രേഷനും അറിയിച്ചു. ഇതോടെ കോടതി ഐഷയുടെ ആവശ്യം കൂടി പരിഗണിച്ച് കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
എന്നാൽ, അഡ്മിനിട്രേറ്ററുടെ വിവാദ നടപടികളെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും, ഇത് രാജ്യദ്രോഹകുറ്റം ആകുന്നത് എങ്ങനെയാണെന്നും ഐഷ സുല്‍ത്താന ചോദിക്കുന്നു. സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് പ്രകാരം തനിക്കെതിരെയുള്ള പോലീസ് കേസ് കോടതിയലക്ഷ്യമാണെന്നാണ് ഐഷ സുല്‍ത്താനയുടെ നിലപാട്. അതേസമയം, കേസില്‍ കക്ഷിചേരണമെന്നാവശ്യപ്പെട്ട് ഹിന്ദുസംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥന്‍ നൽകിയ ഹർജിയിലും കോടതി വ്യാഴാഴ്ച തീരുമാനം എടുക്കും.
Post Your Comments