മലപ്പുറം: കണ്ണംകുണ്ട് മോഡൽ ട്രൈബൽ വില്ലേജ് സന്ദർശിച്ച് ജില്ലാ കളക്ടർ. നിർമാണം പൂർത്തീകരിച്ച ഒമ്പതു വീടുകൾ പത്ത് ദിവസത്തികം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് കളക്ടർ അറിയിച്ചു. 25 വീടുകളുടെ നിർമാണം ആറ് മാസത്തിനകം പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം മാതാപിതാക്കളുടെ നിരീക്ഷണത്തിലായിരിക്കണം: നിർദ്ദേശം നൽകി കളക്ടർ
2018 ലെ പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട 34 ആദിവാസി കുടുംബങ്ങൾക്ക് വേണ്ടിയാണ് നിലമ്പൂർ കണ്ണൻകുണ്ടിൽ മാതൃക ട്രൈബൽ വില്ലേജിന്റെ നിർമ്മാണം നടക്കുന്നത്. രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്നതും ആദിവാസികളുടെ ജീവിത രീതികൾക്ക് അനുയോജ്യവും പ്രകൃതി സൗഹൃദവും ആയ ആദിവാസി ഗ്രാമമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. ഇതു പ്രകാരം ഒരു കുടുംബത്തിന് 50 സെൻറ് സ്ഥലവും 530 ചതുരശ്രഅടി വിസ്തീർണമുള്ള വീടുകൾ നിർമ്മിക്കുന്നതിനു വേണ്ടി പ്രത്യേക ഏജൻസി വഴി മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഊരുകൂട്ടം കൂടി ഗുണഭോക്താക്കളുടെ അംഗീകാരം നേടുകയും ചെയ്തു. ഒരു വീടിന് ആറ് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ബാക്കി തുക സ്‌പോൺസർഷിപ്പിലൂടെയും ജില്ലാ നിർമ്മിതി കേന്ദ്രവും വഴിയാണ് കണ്ടെത്തിയത്. നിർമിതി കേന്ദ്രത്തിനാണ് വീടുകളുടെ നിർമാണ ചുമതല.
പത്ത് വീടുകളുടെ അടിത്തറ പൂർത്തിയായ ഘട്ടത്തിൽ ഒരു വിഭാഗം ഗുണഭോക്താക്കൾ സ്ഥാപിത താൽപര്യക്കാരുടെ നിർബന്ധത്തിനു വഴങ്ങി പദ്ധതിയെ എതിർക്കുകയും വീടിന്റെ നിർമ്മാണം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ വിസ്തീർണ്ണത്തിൽ കോൺക്രീറ്റ് വീടുകൾ വേണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതിൽ ഒൻപത് ഗുണഭോക്താക്കൾ വീട് നിർമാണവുമായി ആദ്യ ഘട്ടത്തിൽ സഹകരിച്ചിരുന്നു എന്നാൽ മറുപക്ഷത്തിന്റെ എതിർപ്പുമൂലം ഇവർ പിൻതിരിഞ്ഞു. 9 വീടുകളുടെ 80% വർക്കുകളും പൂർത്തീകരിച്ചിരിക്കുന്നു.
വീടു നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പദ്ധതി പ്രദേശം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തുകയും ഗുണഭോക്താക്കളുമായി സംസാരിക്കുകയും ചെയ്തു. ഇതിൽ 9 ഗുണഭോക്താക്കൾ പണി തീരുന്ന മുറയ്ക്ക് പുതിയ വീട്ടിലേക്ക് മാറാനുള്ള സമ്മതപത്രം കൈമാറി. ഇവർക്കുള്ള വീടിന്റെ നിർമ്മാണം 10 ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബാക്കി വരുന്ന 25 ഗുണഭോക്താക്കൾക്ക് അവർ നൽകുന്ന പ്ലാനിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ആറുമാസത്തിനുള്ളിൽ വീട് നിർമ്മാണം പൂർത്തീകരിച്ച് കൈമാറും.
അസിസ്റ്റൻറ് കളക്ടർ സഫ്‌ന നസറുദ്ദീൻ ഐ.എ.എസ്. ഡെപ്യൂട്ടി കലക്ടർ ഡോ: ജെ. ഒ അരുൺ എന്നിവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.
Read Also: കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് കേസെടുത്തത് അയ്യായിരത്തിലധികം പേർക്കെതിരെ
Post Your Comments