ലാഹോര്‍ : കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ അടക്കം 26 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനവുമായി പാകിസ്താന്. ഇന്ത്യക്ക് പുറമെ ഇറാന്‍, ഭൂട്ടാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് , ഇറാഖ്, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, അര്‍ജന്‍റീന, ബ്രസീല്‍, മെക്സികോ, ദക്ഷിണാഫ്രിക്ക, ടുണിഷ്യ, ബൊളീവിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഇക്വേഡോര്‍, നാംബിയ, പാരാഗ്വേ, പെറു, ട്രിനിനാഡ് ആന്‍ഡ് ടുബാഗോ, ഉറുഗ്വേ എന്നീ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയവയിൽ ഉൾപ്പെടുന്നു.
പാകിസ്താനിലെ നാഷണല്‍ കമാന്‍ഡ് ആന്‍ഡ് ഓപ്പറേഷന്‍ സെന്‍റര്‍ 26 രാജ്യങ്ങളേയും സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. യാത്ര നിരോധനമുള്ള രാജ്യങ്ങളെയാണ് സി കാറ്റഗറിയില്‍ പാകിസ്താന് ഉള്‍പ്പെടുത്തുക. എ കാറ്റഗറിയിലുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്താതെ തന്നെ പാകിസ്താനില്‍ പ്രവേശിക്കാം. ബി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം . സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ പൗരന്‍മാര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments