കണ്ണൂർ: കേളകത്ത് രണ്ടാനച്ഛന്റെ മർദ്ദനമേറ്റ് പരിക്കേറ്റ ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലാണ് കുഞ്ഞ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കുഞ്ഞിന്റെ ചികിത്സയും അനുബന്ധ ചെലവുകളും സർക്കാർ ഏറ്റെടുക്കുമെന്നാണ് വീണാ ജോർജ് വ്യക്തമാക്കിയിരിക്കുന്നത്.
ആവശ്യമെങ്കിൽ കുട്ടിയുടെ സംരക്ഷണവും ഏറ്റെടുക്കുന്നതാണ്. കുട്ടിക്ക് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എമർജൻസി മെഡിസിൻ, ഓർത്തോപീഡിക്സ്, സർജറി, പീഡിയാട്രികിസ് തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് കുട്ടിയെ ചികിത്സിക്കുന്നത്. കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. ആരോഗ്യ നില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
കണ്ണൂർ കണിച്ചാറിൽ രമ്യയുടെ മകളായ ഒരു വയസുകാരിയെയാണ് രണ്ടാനച്ഛനായ രതീഷ് ഉപദ്രവിച്ചത്. മൂന്നാഴ്ച്ച മുൻപാണ് രമ്യയുടെയും രതീഷിന്റെയും വിവാഹം കഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെതിരെയും രമ്യയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Post Your Comments