ബീജിംഗ്: ചൈനയില്‍ വന്‍ വാതക സ്‌ഫോടനം. ഇന്ന് രാവിലെയുണ്ടായ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ മരിച്ചു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സെന്‍ട്രല്‍ ചൈനയിലെ ഷാങ്‌വാന്‍ ജില്ലയില്‍ രാവിലെ 6.30ഓടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് 12 പേര്‍ മരിക്കുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരില്‍ 39 പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാതക പൊട്ടിത്തെറി നടന്ന മേഖലയില്‍ നിന്ന് 150ഓളം ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ചൈനയില്‍ ദുരന്തമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ 8 പേര്‍ മരിച്ചിരുന്നു. മീഥൈല്‍ ഫോര്‍മേറ്റ് എന്ന വാതകം ചോര്‍ന്നാണ് ദുരന്തമുണ്ടായത്. കമ്പനിയില്‍ നിന്നും കൊണ്ടുപോകുന്നതിനായി വാഹനത്തിലേയ്ക്ക് മാറ്റുന്നതിനിടെ വാതകം ചോരുകയായിരുന്നു. ചൈനയില്‍ രാസവസ്തുക്കളുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ നൂറുകണക്കിന് ആളുകളാണ് സമീപകാലത്ത് മരിച്ചത്. 2019ല്‍ കിഴക്കന്‍ ചൈനയില്‍ നടന്ന അപകടത്തില്‍ 78 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Post Your Comments