ഡൽഹി: ലോക്ഡൗണിൽ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതെ വന്നതോടെ, ഓൺലൈൻ വ്യാപാര സൈറ്റുകളെ ആശ്രയിക്കുക എന്നതായിരുന്നു ഒരു മാർഗ്ഗം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത ഉൽപ്പന്നത്തിൻെറ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഓൺലൈൻ എക്സ്ചേഞ്ച് സൈറ്റായ ഒ.എൽ.എക്സ്.
ലോക്ക്ഡൗൺ കാലത്ത് ഇന്ത്യക്കാർ ഒ.എൽ.എക്സിൽ ഏറ്റവും കൂടുതൽ അന്വേഷിച്ചത് സൈക്കിൾ ആണെന്ന് കമ്പനി വ്യക്തമാക്കുന്നു. വീട്ടിലിരിക്കാൻ നിർബന്ധിക്കപ്പെട്ടതും ജിംനേഷ്യങ്ങൾ അടച്ചതും ഗതാഗതത്തിന് മറ്റ് മാർഗ്ഗങ്ങൾ തേടുന്നതിലുള്ള പ്രശ്നസാധ്യതകളും സൈക്കിളിന് കൂടുതൽ അന്വേഷകർ വന്നതിന് കാരണമായി ഒ.എൽ.എക്സ് കണക്കാക്കുന്നു. ഗതാഗതമാർഗം എന്നതിനൊപ്പം ജനങ്ങൾ ശാരീരിക ആരോഗ്യം നിലനിർത്തുന്നതിനായും സൈക്ലിംഗ് തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഒ.എൽ.എക്സിൽ സൈക്കിളിന് മാത്രമായി വന്ന അന്വേഷണങ്ങളിൽ ഏകദേശം 100 ശതമാനം വർധനവാണ് ഉണ്ടായതെന്ന് കമ്പനി വ്യക്തമാക്കി. 2019 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ ഒ.എൽ.എക്സിൽ ഉപഭോക്താക്കൾ വാങ്ങാൻ അന്വേഷിച്ചതും വിൽപ്പനക്ക് വെച്ചവയുടെയും വിവരങ്ങളാണ് കമ്പനി പങ്കുവെച്ചത്. ഒ.എൽ.എക്സിൽ സൈക്കിൾ അന്വേഷിച്ച് ഏറ്റവും കൂടുതൽ ആവശ്യക്കാർ എത്തിയത് ഡൽഹിയിൽ നിന്നും പരിസരപ്രദേശങ്ങളിൽ നിന്നുമാണ്.
Post Your Comments