Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

പെണ്ണിന്റെ വള്‍ഗര്‍ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി ആസ്വാദനം കണ്ടെത്തുന്നവര്‍ മറ്റൊരു പെണ്ണായിരിക്കില്ല: കെ. തൊഹാനി

സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങി നില്‍ക്കുന്ന രാഷ്ട്രീയത്തോട് താത്പര്യവുമില്ല.

മലപ്പുറം: മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന എം.എസ്.എഫിന്റെ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയ്ക്ക് പുതിയ നേതൃത്വം. അഡ്വ. കെ. തൊഹാനി പ്രസിഡന്റും എം.പി. സിഫ്വ ജനറല്‍ സെക്രട്ടറിയും സഫാന ഷംന ട്രഷററുമായി പുതിയ സമിതിയെ ഹരിത മലപ്പുറം ജില്ലാ കമ്മറ്റി വ്യഴാഴ്ച പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ വിമർശനങ്ങളും ഉയർന്നു തുടങ്ങി. തനിക്കെതിരേ നടക്കുന്നത് സൈബര്‍ ആക്രമണമെന്ന് വ്യക്തമാക്കി അഡ്വ. കെ. തൊഹാനി രംഗത്തെത്തി.

തൊഹാനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ടവരെ,

മുസ്ലിം ലീഗ് പാര്‍ട്ടിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയില്‍ ഒരിക്കലും ഇങ്ങനെയൊരു അവസരം എന്റെ ജീവിതത്തില്‍ കൈവരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതല്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും അങ്ങനെയൊരു ആഗ്രഹവും ഉണ്ടായിട്ടില്ല.
പാര്‍ട്ടിക്ക് വേണ്ടി സേവനം ചെയ്യാന്‍ കിട്ടിയ ഒരു ചെറിയ അവസരം എന്നതില്‍ കവിഞ്ഞ് ഒരു അലങ്കാരമായി ഇതൊന്നും കാണുന്നില്ല, വലിയ ഉത്തരവാദിത്തമാണ് എന്ന ബോധ്യവുമുണ്ട്.

read also: ലക്ഷദ്വീപില്‍ നിന്ന് ബിജെപിയെ ഇല്ലാതാക്കാന്‍ ഗൂഢനീക്കം: പ്രതിഷേധമറിയിച്ച് ദ്വീപ് ബിജെപി നേതാക്കന്മാർ

കൈമാറേണ്ട ഒരു അമാനത്ത് മാത്രമായേ സ്ഥാനങ്ങളെ കണ്ടിട്ടുള്ളൂ. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ അടയാളപ്പെടുത്തി കടന്നു പോവുക എന്നത് മാത്രമാണ് ലക്ഷ്യം വെക്കേണ്ടത്. ഒരു കാലത്തെ മാറ്റി നിര്‍ത്തപ്പെടലിന് പകരമെന്നോണം ഇന്ന് ഹരിതയുടെ എളിയൊരു ഭാഗമാവാന്‍ സാധിച്ചതില്‍ സര്‍വ്വശക്തനോട് ആദ്യമായി നന്ദി പറയുന്നു.

ലീഗ് എന്താണെന്ന് എന്നെ പഠിപ്പിച്ചതും പരിചയപ്പെടുത്തിയതും മക്ക കെഎംസിസി നേതാവ് ജനാബ് കോഡൂര്‍ മൊയ്തീന്‍ കുട്ടി സാഹിബ് എന്ന ഞാന്‍ ഉപ്പ എന്ന് വിളിക്കുന്ന ദീദിയുടെ ഉപ്പയാണ്. ഹൈസ്കൂള്‍ കാലത്ത് ഉപ്പ പറയുന്ന ലീഗ് ചരിത്രങ്ങള്‍ ആവേശത്തോടെ കേട്ടിരുന്നിട്ടുണ്ട്. ഞാന്‍ വരുന്നത് വലിയ ജീവിത സാഹചര്യങ്ങളില്‍ നിന്നല്ല, ഒരുപാട് പ്രതികൂല സാഹചര്യങ്ങളോട് പോരാടിയാണ് എല്‍.എല്‍.ബി. എന്ന ആഗ്രഹത്തിലേക്ക് പോലും എത്തിയത്. അഡ്മിഷന്‍ നേടി ലോ കോളേജിലേക്ക് വന്ന ആദ്യ ദിവസങ്ങളില്‍ പരിചയപ്പെട്ട പ്രിയപ്പെട്ട ഫമീഷ ഇത്തക്ക് (അഡ്വ. ഫമീഷ) ഞാനന്നെ പരിചയപ്പെടുത്തിയത് ഞാനൊരു എംഎസ്‌എഫ് കാരിയാണെന്ന് പറഞ്ഞാണ്.

എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു, ഇന്നുമുണ്ട്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി യു.ഡി.എസ്.എഫിന്റെ ഭാഗമായി ജനറല്‍ സീറ്റില്‍ മറ്റൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ബാനറില്‍ മത്സരിച്ചിട്ടുണ്ട്. ജനറല്‍ സീറ്റില്‍ അവരായിരുന്നു മത്സരിക്കാറുള്ളത്. ധാരാളം സുഹൃത്തുക്കള്‍ ആ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്നു. മെമ്ബര്‍ഷിപ്പ് എടുക്കുകയോ ഭാരവാഹിത്വം വഹിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

2011 ല്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം പങ്കെടുത്ത എം.എസ്.എഫ്. സമ്മേളനത്തില്‍ ഫമീഷ ഇത്തയോടൊപ്പം അഭിമാനത്തോടെ പങ്കെടുത്തിട്ടുണ്ട്. ഇലക്ഷനു ശേഷവും ഹരിതയുടെ ഭാഗമായി ഒരു കാമ്ബിന് പോയിട്ടുണ്ട്. എല്‍.എല്‍.ബി. പഠനകാലത്ത് തന്നെ എം.എസ്.എഫ്. ഫണ്ടിനു വേണ്ടി എന്റെ നാട്ടില്‍ പിരിവും നടത്തിയിട്ടുണ്ട്.

ബഹു. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്ന എം.സി.ടി. കോളേജില്‍ അധ്യാപികയാണ്. പി.എച്ച്‌.ഡി. എന്‍ഡ്രന്‍സിന് തയ്യാറെടുക്കുന്നുണ്ട്, നെറ്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ തുണച്ചിട്ടില്ല. സി.എസ്. പ്രവേശനത്തിന് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ത്രിതല പഞ്ചായത്ത് ഇലക്ഷനിലും ഇക്കഴിഞ്ഞ നിയമസഭാ ഇലക്ഷനിലും മുസ്ലിം ലീഗിനു വേണ്ടി എളിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്, ഇരു ഇലക്ഷനുകളിലും കുടുംബയോഗങ്ങളില്‍ പാര്‍ട്ടിയുടെ ശബ്ദമായിട്ടുണ്ട്. പഞ്ചായത്ത് ഇലക്ഷനില്‍ വേങ്ങരയില്‍ മത്സരിക്കാന്‍ പാര്‍ട്ടി അവസരം തന്നിട്ടുണ്ട്. അന്ന് അത് സ്നേഹപൂര്‍വ്വം വേണ്ടെന്ന് വെച്ചതാണ്. കാലാകാലങ്ങളില്‍ മുസ്ലിം ലീഗ് പാര്‍ട്ടിയെ മനസ്സിലാക്കി മറ്റു പാര്‍ട്ടികളില്‍ നിന്നും കടന്നു വന്നവര്‍ ധാരാളമുണ്ട്. ഇനിയും ആളുകള്‍ വരണം. അത് കൊണ്ടൊന്നും അവരാരും ലീഗുകാരല്ല എന്നു പറയാനാവില്ല. ഒരാളും ജീവിതത്തില്‍ മാറരുത് എന്ന് വാശി പിടിക്കരുത്.

ലീഗാണോ എന്ന് അന്വേഷിക്കേണ്ടത് ഒരാളുടെ വാര്‍ഡിലാണ് എന്നു തോന്നുന്നു. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റിനെ യാതൊരു മുന്‍പരിചയവുമില്ല. ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ആദ്യമായി സംസാരിച്ചത് പോലും കമ്മിറ്റി പ്രഖ്യാപന ദിവസം മാത്രമാണ്.

കഴിഞ്ഞ വര്‍ഷത്തെ കോവിഡ് കാലത്ത് ഫ്രീടൈം കിട്ടാന്‍ തുടങ്ങിയപ്പോഴാണ് ഫെയ്സ്ബുക്കില്‍ ചെറുതായി ലീഗല്‍ അവയര്‍നസിനെ കുറിച്ച്‌ എഴുതണമെന്ന് തോന്നിയത്. അങ്ങനെയാണ് ലീഗല്‍ ഡൗട്ട്സ് ആരംഭിച്ചത്. പിന്നീട് സൗകര്യക്കുറവ് കാരണം നിന്നുപോയി. മികച്ച അഭിഭാഷകരുമായുള്ള അഭിമുഖം അടക്കമുള്ള പരിപാടികളുമായി ഇന്‍ഷാ അള്ളാ അത് പുനരാരംഭിക്കും. ഈ കോവിഡ് കാലത്താണ് വീണ്ടും എഴുതണമെന്ന് തോന്നിയത്. സുഹൃത്തുക്കളുടെ സഹായവും സഹകരണവും ഉണ്ടായപ്പോള്‍ വല്ലപ്പോഴും ചെറിയ പോസ്റ്റുകള്‍ ചെയ്തു.

ജുഡീഷ്യറിയിലും നിയമമേഖലയിലും ന്യൂനപക്ഷങ്ങളുടെ കുറവ് പരിഹരിക്കപ്പെടണമെന്ന ലക്ഷ്യത്തിലേക്ക് എന്നാലാവുന്ന വിധം ഒരു ബോധവത്കരണത്തിന്റെ ഭാഗമായി നിയമപഠനത്തിലെ സാധ്യതകളെ കുറിച്ച്‌ ഒരു സീരീസായി പോസ്റ്റ് ചെയ്യുന്നുണ്ട്. പല കോളേജുകളിലും നോണ്‍ പ്രോഫിറ്റ് സംഘടനകള്‍ക്ക് വേണ്ടിയും നിയമ പഠനത്തിലെ സാധ്യതകളെക്കുറിച്ച്‌ സൗജന്യ ലൈവ് ഓറിയന്റേഷന്‍ ക്ലാസുകള്‍ നല്‍കി വരുന്നുണ്ട്.

മുസ്ലിം ലീഗിന്റെ പോയ കാലത്തെ ചരിത്ര സംഭവങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും മനസ്സിലാക്കാനും അവസരമുണ്ടായി. ജനാബ് എം.സി. വടകര സാഹിബ് ആയൊക്കെ സംസാരിക്കാനാവുന്നത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. എന്നെപ്പോലെ അത്തരം അഭിമാനകരമായ ഇന്നലെകളെ കുറിച്ച്‌ അധികമറിയാത്തവര്‍ക്ക് കൂടുതല്‍ പഠിക്കാന്‍ ഒരു പ്രചോദനമാകുമെന്ന് കരുതിയാണ് അവ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

ഇതൊന്നും തന്നെ ഒരു രാഷ്ട്രീയ പ്രവേശനത്തിനുള്ള മാര്‍ഗ്ഗമായി കണ്ടിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങി നില്‍ക്കുന്ന രാഷ്ട്രീയത്തോട് താത്പര്യവുമില്ല. ടീച്ചിങ് പോലെ ഇത്തരം ചെറിയ അറിവുകള്‍ പകരുന്നതും ഒരു പാഷനപ്പുറം ഒന്നും തന്നെയല്ല. ആരുടെയും അവസരം കളയാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മാറ്റിനിര്‍ത്തപ്പെട്ട ഒരാളെന്ന നിലക്ക് എല്ലാവര്‍ക്കും അവസരം നല്‍കണമെന്നാണ് ആഗ്രഹം.

അടുത്ത വര്‍ഷം പത്താം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന ഹരിതയിലൂടെ ഈ സമുദായത്തിന് നേതൃത്വം നല്‍കേണ്ട ഒരുപാട് കുട്ടികള്‍ ഉയര്‍ന്നു വരണം. ഹരിത നമ്മള്‍ എല്ലാവരുടേതുമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും മറുപടികളും ഉണ്ടാവേണ്ടത് പൊതു ഇടത്തിലല്ല, പാര്‍ട്ടിക്കകത്താണെന്ന് വിശ്വസിക്കുന്നു. അതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.

എന്തെങ്കിലും പറയാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുമുള്ളത്. ഇലക്ഷനു ശേഷം സി.പി.എമ്മിന്റെ സൈബറാക്രമണം നേരിട്ടിട്ടുണ്ട്. ഇലക്ഷന്‍ സംബന്ധിച്ച ചില പോസ്റ്റുകള്‍ ഫ്രണ്ട്സ് ഓണ്‍ലി, മി ഓണ്‍ലി ഒക്കെ ആക്കേണ്ടി വന്നു. പക്ഷെ കഴിഞ്ഞ രണ്ട് ദിവസമായി സൈബറിടത്തില്‍ നേരിട്ട അക്രമങ്ങള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഒരു പെണ്ണ് എന്ന് പരിഗണന പോലും നല്‍കാതെ എനിക്കും ഒരു കുടുംബമുണ്ടെന്ന് ആലോചിക്കാതെ എന്നെ വള്‍ഗര്‍ ആയി ചിത്രീകരിച്ച്‌ സൈബര്‍ ബുള്ളിയിംഗ് ചെയ്യുകയാണ് ചിലര്‍.

സൈബറിടത്ത് ഒരു പെണ്ണിന്റെ വള്‍ഗര്‍ ട്രോളുകളും പൈങ്കിളി കഥകളുമിറക്കി ആസ്വാദനം കണ്ടെത്തുന്നവര്‍ എന്തായാലും എന്നെപ്പോലെ മറ്റൊരു പെണ്ണായിരിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. ആരോടും അങ്ങോട്ട് പോയി ഒന്നും ചോദിച്ചിട്ടില്ല. ഇങ്ങനെയൊക്കെ ആകുമെന്നും കരുതിയില്ല. എന്നെ കൊണ്ട് കഴിയുന്ന ഒരു സേവനം പാര്‍ട്ടിക്ക് വേണ്ടി ചെയ്യാം എന്ന് മാത്രമേ ആലോചിച്ചിരുന്നുള്ളൂ.

എനിക്കിത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇനിയും ദയവായി എന്നെ ആക്രമിക്കരുത് എന്ന് അപേക്ഷിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പരിപൂര്‍ണ്ണ സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു. നമുക്കൊരുമിച്ച്‌ ഹരിതാഭമായ പുതിയ വസന്തം തീര്‍ക്കണം. പുതിയ ചരിത്രം രചിക്കണം. ഹരിതയുടെ പുതിയ കാലത്തെ അടയാളപ്പെടുത്തണം.

ഈ വേദനകള്‍ക്കിടയിലും ഞാന്‍ ഏറെ ബഹുമാനിക്കുന്ന നേതാക്കളും വിവിധ കമ്മിറ്റികളുടെ ഭാരവാഹികളും പാര്‍ട്ടിക്കാരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എന്റെ ഹരിതയിലെ സഹോദരിമാരും എന്റെ കുടുംബവും തന്ന ആശ്വാസ വാക്കുകള്‍ക്ക് നന്ദി പറയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button