മുംബൈ : രാജ്യം കോവിഡ് രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ വീണ്ടും സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് സോനു സൂദ് ഫൗണ്ടേഷന്‍. തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഉത്തരാഖണ്ഡ്, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സോനു പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കും.
ക്രിപ്‌റ്റോ റിലീഫിന്റെ സഹായത്തോടെ 18 ഓക്‌സിജന്‍ പ്ലാന്റുകളാണ് സോനു സൂദ് ഫൗണ്ടേഷന്‍ സ്ഥാപിക്കുക. ആന്ധ്ര പ്രദേശിലെ കുര്‍നൂല്‍, നെല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് സോനുസൂദ് നേരത്തേ ഉറപ്പുനല്‍കിയിരുന്നു.
കോവിഡ് വ്യാപനം ആരംഭിച്ച കാലം മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു സോനു സൂദ്. കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്ക് സംരക്ഷണമൊരുക്കിയും മറ്റും വാർത്തകളിൽ നിറഞ്ഞിരുന്നു താരം. സോനു സൂദിന്റെ ചാരിറ്റി സ്ഥാപനമായ സ്വാഗ് ഇആര്‍ടി കോയമ്പത്തൂരിൽ ഓക്‌സിജന്‍ സെന്ററുകള്‍ സ്ഥാപിച്ചിരുന്നു.
Post Your Comments