KeralaLatest News

തൃശൂരിലും കോടികളുടെ മരം മുറിച്ചു കടത്തി, വനം കൊള്ളക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് ഈ സര്‍ക്കാരെന്നു കെ. സുരേന്ദ്രന്‍

വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലെ പുലാക്കോട് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം മുറിച്ചു കടത്തിയത്. 33 പാസിന്റെ മറവില്‍ 500 ഓളം മരങ്ങള്‍ കടത്തി.

തൃശൂര്‍ : തൃശൂരിലെ മൂന്ന് വനം റേഞ്ചുകളില്‍ നിന്നായി അഞ്ച് കോടിയോളം വിലവരുന്ന തേക്കും ഈട്ടിയും വെട്ടിക്കടത്തിയതായി പുതിയ റിപ്പോർട്ട് . വനം വകുപ്പിന്റെ അന്വേഷണത്തിലാണ് കൊള്ള വെളിച്ചത്തായത്. റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് പിന്‍വലിച്ച ശേഷവും മരം മുറി നടന്നതായി ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചിലെ പുലാക്കോട് മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മരം മുറിച്ചു കടത്തിയത്. 33 പാസിന്റെ മറവില്‍ 500 ഓളം മരങ്ങള്‍ കടത്തി.

ലാന്‍ഡ് അസൈന്‍മെന്റ് പട്ടയമുള്ള ഭൂമിയിലും മരം മുറി നടന്നിട്ടുണ്ട്. പട്ടിക്കാട്, തൃശൂര്‍ റേഞ്ചുകളിലും മരം മുറിച്ചു കടത്തി. 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിനെ തുടര്‍ന്നാണ് നവംബര്‍ മാസം മുതല്‍ വ്യാപകമായി തടിവെട്ട് ആരംഭിച്ചത്. ഉത്തരവ് പിന്‍വലിച്ച 2021 ഫെബ്രുവരി രണ്ടിന് ശേഷവും ഒരു തടസവുമില്ലാതെ മരംമുറി തുടര്‍ന്നു. ഇതിനകം കടത്തിയ തടികള്‍ കണ്ടെത്തുക എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പിടിച്ചെടുത്ത തടികള്‍ എളനാട് സ്റ്റേഷനിലും പരിസരത്തും ഇപ്പോഴുമുണ്ട്. മരംമുറി വിവാദമായതോടെ രണ്ട് ദിവസത്തിനകം അമ്ബതോളം കേസുകളാണ് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, അകമല, പൂങ്ങോട്, പൊങ്ങണംകോട് എന്നീ സ്റ്റേഷനുകള്‍ നിറുത്തലാക്കിയത് കേസുകള്‍ അട്ടിമറിക്കാനാണെന്നാണ് വനംസംരക്ഷണ പ്രവര്‍ത്തകരുടെ ആക്ഷേപം. അതേസമയം വനം കൊള്ളക്കാര്‍ക്ക് മരം വെട്ടാന്‍ ഒത്താശ ചെയ്തു കൊടുത്തത് ഈ സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആരോപിച്ചു.

സര്‍ക്കാര്‍ ബി.ജെ.പിയെ അവഹേളിക്കുകയും നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുകയാണെന്ന് ആരോപിച്ച്‌ തൃശൂര്‍ പൊലീസ് ക്ലബിന് മുന്നില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വനം മന്ത്രി അറിയാതെ ഈ കൊള്ള നടക്കില്ല. പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രസീത ആരോപണം ഉന്നയിച്ചതെന്ന വിവരം നിഷേധിക്കാന്‍ ജയരാജന്‍ തയ്യാറായിട്ടില്ല. എല്ലാം തിരക്കഥയാണ്. കള്ളപ്പണമൊഴുക്കിയത് സി.പി.എമ്മും കോണ്‍ഗ്രസും ലീഗുമാണ്.

കോണ്‍ഗ്രസിനെക്കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് പിണറായിക്കറിയാം. അഴിമതിക്കെതിരെ പോരാടാന്‍ ബി.ജെ.പിക്ക് മാത്രമേ ശേഷിയുള്ളൂയെന്നതിനാലാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആരംഭത്തില്‍ തന്നെ ആക്രമണം നടത്തുന്നത്. കൊടകര കവര്‍ച്ചാക്കേസില്‍ പൊലീസുകാര്‍ക്കും ബന്ധമുണ്ടെന്ന വിവരം പുറത്ത് വരുന്നുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button