ന്യൂഡല്‍ഹി : പുതിയ ഐടി നിയമങ്ങൾ നടപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്ന വിശദീകരണവുമായി ട്വിറ്റര്‍. നിയമ സംവിധാനങ്ങളുമായുള്ള ഏകോപനത്തിനു നോഡല്‍ ഓഫിസറെയും പരാതി പരിഹാരത്തിനായി റസിഡന്റ് ഗ്രീവന്‍സ് ഓഫിസറെയും കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചു. സ്ഥിരം നിയമനം ഉടന്‍ നടത്തുമെന്നും ട്വിറ്റര്‍ അറിയിച്ചു.
ചീഫ് കംപ്ലയന്‍സ് ഓഫിസറെ തീരുമാനിക്കാനുള്ള അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാ വിവരങ്ങളും കൈമാറുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് സൂചിപ്പിച്ച് ട്വിറ്റര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത്.
കോവിഡ് ആയതിനാല്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ പ്രതിസന്ധി നേരിട്ടു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവങ്ങളിൽ ധരിപ്പിക്കാമെന്നും കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ ട്വിറ്റര്‍ പറയുന്നു. . അടിയന്തര ഘട്ടങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്തെ പൊതുജനങ്ങള്‍ക്ക് ആശയവിനിമയം നടത്താനുള്ള പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കുന്നതില്‍ ട്വിറ്റര്‍ പ്രതിജ്ഞാബദ്ധമാണെന്നും കത്തിലുണ്ട്.
Post Your Comments