കവരത്തി: ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ സിനിമ പ്രവര്‍ത്തക ഐഷ സുൽത്താനയ്‌ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്‍റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കവരത്തി പോലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ചാനൽ ചർച്ചയ്ക്കിടെയുള്ള ഐഷയുടെ ‘ബയോവെപ്പൺ’ പരാമർശമാണ് പരാതിക്കിടയാക്കിയത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെയാണ് പരാമർശം നടത്തിയതെന്നും ചാനലിന്റെ സാങ്കേതിക പ്രശ്‌നം കാരണം വ്യക്തമായില്ല എന്ന വിശദീകരണവുമായി ഐഷ പിന്നീട് രംഗത്ത് എത്തിയിരുന്നു.
രാജ്യത്തെയോ കേന്ദ്രസർക്കാറിനെയോ അല്ല അഡ്മിനിസ്ട്രേറ്റർ പ്രഫൂൽ പട്ടേലിനെ ഉദ്ദേശിച്ചാണ് താൻ ആ പരാമർശം നടത്തിയതെന്ന് ഐഷ സുൽത്താന ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഒരു വർഷത്തോളം കോവിഡ് റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ പ്രഫുൽ പട്ടേലും കൂടെ വന്നവരുമാണ് വൈറസ് വ്യാപിപ്പിച്ചതെന്നും ഐഷ പറയുന്നു.
എന്നാൽ, ലക്ഷദ്വീപിലെ കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്മിനിസ്‌ട്രേറ്റർ ഇറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾക്കെതിരെ നൽകിയ ഹർജികളിൽ കഴമ്പില്ലെന്ന് കണ്ട് നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
Post Your Comments