കരുവാരക്കുണ്ട്: വനംവകുപ്പ് ജീവനക്കാർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ആർത്തലക്കുന്ന് കോളനിയിൽ ബുധനാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് അപകടം. കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ആർത്തലക്കുന്ന് കോളനിക്ക് സമീപമുള്ള വനമേഖലയിൽ സന്ദർശനം നടത്താൻ എത്തിയ സംഘം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിലുണ്ടായിരുന്നത് രണ്ട് വനിതകൾ ഉൾപ്പടെ ആറ് ഉദ്യോഗസ്ഥരാണ്. കരുവാരകുണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസര്മാരായ ഗിരീഷ്, അഭിലാഷ്, അമൃത രശ്മി, വിനീത, വാച്ചർ രാമൻ, ഡ്രൈവർ നിർമൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരിന്തൽമണ്ണ, കരുവാരക്കുണ്ട് എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മുകളിലേക്ക് പോകുകയായിരുന്ന ജീപ്പ് കയറ്റം കയറാനാവാതെ പിറകിലേക്ക് വന്ന് 20 അടി താഴ്ച്ചയിലുള്ള വെള്ളാരം കുന്നേൽ പ്രകാശിന്റെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടത്തെ തുടർന്ന് വീടിന്റെ പിൻഭാഗം പൂർണ്ണമായി തകർന്നു.
Post Your Comments