ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച വിശദീകരണം കോടതിയിൽ സമർപ്പിച്ചതിന്റെ മറുവാദമാണ് ഇന്ന് നടക്കുക.
അതേസമയം, കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് 231ദിവസം പിന്നിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം മുൻപ് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചെന്നും, ബിനീഷിന്റെ അക്കൗണ്ടിലേക്ക് മുഹമ്മദ് അനൂപ് പണം നിക്ഷേപിച്ചിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി.
വ്യാപാരവുമായി ബന്ധപ്പെട്ടും,സുഹൃത്തുക്കൾ വഴിയുമാണ് ബിനീഷിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇക്കാര്യം കോടതി പരിഗണിച്ചിട്ടില്ല. ബിനീഷിന്റെ സ്വാധീനം ഉപയോഗിച്ച് തെളിവുകളിൽ കൃത്രിമത്വം നടത്താൻ സാധ്യതയുള്ളതിനാൽ ഇന്നത്തെ ജാമ്യാപേക്ഷയെയും ഇ.ഡി കോടതിയിൽ എതിർക്കും
Post Your Comments