മലപ്പുറം: പ്രളയം വരുത്തിവച്ച ദുരന്തത്തിന്റെ നിഴലുകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറവും കരകയറാനാകാതെ പുത്തുമലയിലെയും കവളപ്പാറയിലെയും മനുഷ്യർ. പ്രളയം ബാക്കിവച്ച മനുഷ്യരുടെ പുനരധിവാസം ഇനിയും പൂര്‍ത്തിയായിട്ടില്ല. കവളപ്പാറ ദുരന്തത്തില്‍ രക്ഷപെട്ട ആദിവാസി കുടുംബങ്ങള്‍ കഴിയുന്നത് ഇപ്പോഴും പോത്ത്കല്ലിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. പുത്തുമലയിലും പുരധിവാസം, പദ്ധതിയിൽ മാത്രമായി കുരുങ്ങിക്കിടക്കുന്നു. വാഗ്ദാനം ചെയ്ത വീടുകള്‍ പണി പൂര്‍ത്തിയാക്കി എന്ന് കിട്ടുമെന്ന് ഈ കുടുംബങ്ങൾക്കോ എന്തിന് ബന്ധപ്പെട്ട അധികാരികൾക്ക് പോലുമറിയില്ല.
പ്രളയം പാഞ്ഞടുത്തപ്പോൾ ഭീതിയോടെ കയ്യില്‍ കിട്ടിയതും എടുത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഓടിക്കയറിയവരിൽ 32 പേരൊഴികെ ബാക്കിയെല്ലാവരും ബന്ധുവീടുകളിലേക്കും മറ്റും മാറിപ്പോയി. പക്ഷെ എവിടേക്കും പോകാനില്ലാത്തവർ ഇപ്പോഴും ഒരു വീടെന്ന വലിയ സ്വപ്നവുമായി ക്യാമ്പില്‍ തന്നെ കഴിയുകയാണ്. ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയോടൊപ്പം ആദിവാസി കുടുംബങ്ങള്‍ക്ക് വീടുവക്കാനുള്ള സ്ഥലം വാങ്ങുന്നതുമായി ബന്ധപെട്ട തര്‍ക്കങ്ങളും കാലതാമസത്തിന് കാരണമായിട്ടുണ്ട്.
സമുദായങ്ങളും, സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും നിര്‍മ്മിച്ചു നല്‍കിയ വീടുകളില്‍ മറ്റ് വിഭാഗങ്ങളിലുള്ളവര്‍ താമസം തുടങ്ങി മാസങ്ങള്‍ പിന്നിടുന്നു. എന്നിട്ടും പ്രത്യേക പരിഗണനകളും, പദ്ധതികളും അര്‍ഹിക്കുന്ന ആദിവാസി കുടുബങ്ങള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ദുർവിധി നേരിടേണ്ടി വരുന്നത്.
Post Your Comments