Latest NewsKerala

കള്ളക്കേസില്‍ കുടുക്കിയെങ്കിലും പാര്‍ട്ടി കേഡർ, കുഞ്ഞനന്തൻ ആരായിരുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞുതരും: എംവിജയരാജൻ

ജയിലില്‍ പലവിധ രോഗപീഡകളാല്‍ വലഞ്ഞ അദ്ദേഹത്തിന് ചികിത്സയ്ക്കായി പരോള്‍ അനുവദിച്ചതിനെപ്പോലും വിവാദമാക്കിയില്ലേ?

കണ്ണൂര്‍: പികെ കുഞ്ഞനന്തനെ ന്യായീകരിച്ച്‌ സിപിഎം. പി.കെ കുഞ്ഞനന്തന്‍ ആരാണെന്ന് ജനങ്ങള്‍ പറഞ്ഞു തരുമെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. ടി.പി വധക്കേസില്‍ പ്രതിയായ പി.കെ കുഞ്ഞനന്തന്റെ ഒന്നാം ചരമവാര്‍ഷികദിനാചരണം സി.പി. എം പാനൂര്‍ ഏരിയാകമ്മിറ്റി നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.വി ജയരാജന്‍. വലതുപക്ഷ മാധ്യമങ്ങളുടെ ദുഷിച്ച മാനസികാവസ്ഥ തുറന്നുകാട്ടുന്നതിനാണ് പി.കെ കുഞ്ഞനന്തന്‍ ചരമവാര്‍ഷിക ദിനാചരണം പാര്‍ട്ടി നടത്തുന്നത്.

അറിയപ്പെടുന്ന സി.പി. എം കേഡറും പാര്‍ട്ടി പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവുമായിരുന്നു കുഞ്ഞനന്തന്‍. ഒരു കള്ളക്കേസില്‍ കുടുക്കിയെന്നുവച്ച്‌ കുഞ്ഞനന്തന്‍ പാര്‍ട്ടിക്കാരനല്ലാതാവുന്നില്ല. ജയിലില്‍ പലവിധ രോഗപീഡകളാല്‍ വലഞ്ഞ അദ്ദേഹത്തിന് ചികിത്സയ്ക്കായി പരോള്‍ അനുവദിച്ചതിനെപ്പോലും വിവാദമാക്കിയില്ലേ? കുഞ്ഞനന്തന്‍ എന്ന മനുഷ്യനെ നിങ്ങള്‍ എന്തുകൊണ്ടു കാണുന്നില്ല. കുന്നോത്തുപറമ്പ് -തൃപങ്ങോട്ടൂര്‍ പ്രദേശത്ത് നിങ്ങള്‍ പോയി അന്വേഷിക്കൂ. കുഞ്ഞനന്തന്‍ ആരായിരുന്നുവെന്ന് ജനങ്ങള്‍ പറഞ്ഞു തരുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

മരിച്ചവരെയെങ്കിലും മാധ്യമങ്ങള്‍ വെറുതെ വിടണം. എ.കെ.ജി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കവേ കാലന്‍ വന്നു വിളിച്ചിട്ടും പോകാത്തതെന്തെ ഗോപാലായെന്നു ചോദിച്ച്‌ കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തിയ നാടാണിത്. ആ മാനസികാവസ്ഥയില്‍ മാധ്യമങ്ങള്‍ എത്തരുത്. അല്‍പമെങ്കിലും മനുഷ്യത്വം കാണിക്കണം. ജയരാജൻ പറഞ്ഞു.

read also: കൊടകര കുഴൽപണക്കേസ് നിലവിലില്ല, വെറും കവർച്ചാ കേസ് മാത്രം: ശങ്കു ടി ദാസ്

ഈ വരുന്ന ജൂൺ പതിനെന്നിനാണ് പി.കെ കുഞ്ഞനന്തന്‍ ചരമവാര്‍ഷികദിനാചരണം സി.പി. എം പാനൂര്‍ ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിക്കുന്നത്. പാറാട് ലോക്കല്‍ കമ്മിറ്റി ഓഫിസിന്റെ രണ്ടാം നിലയില്‍ പി.കെ കുഞ്ഞനന്തന്‍ ഹാള്‍ ഉദ്ഘാടനവും ഫോട്ടോ അന്ച്ഛാദനവും പാറാട്ടുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button