കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി സംസ്ഥാന നേതാക്കള്‍ക്കെതിരെ ഭരണ പ്രതിപക്ഷം സംയുക്തമായി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വനം കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് ആക്ഷേപം. കോടികളുടെ അഴിമതിയാണ് വനം കൊള്ളയ്ക്ക് പിന്നില്‍ നടന്നതെന്ന് വെളിപ്പെടുത്തലുകള്‍ വരുമ്പോഴും അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത് ബിജെപിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളാണ്. ഇപ്പോൾ ഗുരുതര ആരോപണങ്ങളാണ് പിണറായി സർക്കാരിനെതിരെ ഉയരുന്നത്.
ഇതിനിടെ വയനാട്ടിലെ മുട്ടില്‍ മരംമുറി കേസ് വിവാദമായതിന് പിന്നാലെ സമാനമായ കേസ് കാസര്‍കോട്ടും ഉണ്ടായി. പട്ടയഭൂമിയില്‍ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവ് മറയാക്കിയാണ് കാസര്‍കോട്ടും മരം മുറിച്ചു കടത്തിയത്. എട്ട് കേസാണ് ഇതു സംബന്ധിച്ച് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈട്ടിയും തേക്കും അടക്കമുള്ള മരങ്ങളാണ് വ്യാപകമായി മുറിച്ചു മാറ്റിയത്. ഇതില്‍ 17 ലക്ഷം രൂപയുടെ 27 ക്യൂബിക് മീറ്റര്‍ മരം വനംവകുപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഉത്തരവ് മറയാക്കി മരം മുറിക്കാന്‍ അനുമതി ചോദിച്ചുള്ള പെര്‍മിറ്റുകള്‍ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി കൊടുത്തില്ല. ഉദ്യോഗസ്ഥര്‍ അറിയാതെ മരം മുറിച്ചു കടത്തിയോ എന്നറിയാന്‍ വനംവകുപ്പ് വിജിലന്‍സ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ മാധ്യമ സ്ഥാപനങ്ങളെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ മുന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്‍, ആന്റോ എന്നിവര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രമിച്ചുവെന്നും അദേഹം പറയുന്നു. വനംവകുപ്പ് ഉത്തരവില്‍ മാറ്റംവരുത്തി മരം മുറിക്കാന്‍ ഒത്താശ ചെയ്തു എന്നും ആരോപണമുണ്ട്. തെളിവുകളും റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിട്ടും പ്രതികളെ പിടിക്കാത്ത് ഈ കൂട്ടിടപാടിനെ തുടര്‍ന്നാണെന്നാണ് പൊതുവെ ആക്ഷേപം.2020 ഒക്ടോബര്‍ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികള്‍ വനംകൊള്ള നടത്തിയത്.
അന്വേഷണം ഏറ്റെടുത്ത ഐഎഫ്‌എസ് ഉദ്യോഗസ്ഥൻ സാജന്‍ കേസിന്റെ വകുപ്പുകള്‍ മാറ്റി എഴുതാന്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ സമീറിനോട് നിര്‍ദ്ദേശിച്ചു. എന്നാൽ സമീർ വഴങ്ങിയില്ലെന്നും ഇതിനെ തുടർന്ന് സമീറിനെ വേട്ടയാടിയെന്നും ആണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് സാജന്റെ അടുത്ത സുഹൃത്തും ധര്‍മ്മടംകാരനായ മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനലും ഗൂഢാലോചനയുടെ ഭാഗമായി, നിരപരാധിയായ സമീറിനെതിരെ തുടര്‍ച്ചയായ വാര്‍ത്തകള്‍ നല്‍കി എന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു.
കേസ് അട്ടിമറിക്കുന്നതിനുവേണ്ടി ചാനല്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന ആക്ഷേപവും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി വനംകൊള്ളയുടെ പിന്നില്‍ മന്ത്രിമാര്‍ക്കുള്ള ബന്ധം മൂടിവെക്കാനാണ് ശ്രമമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments