
കൊച്ചി: 55 ലക്ഷം രൂപയുമായി സ്വർണ കവർച്ച കേസിലെ പ്രതി കൊച്ചിയിൽ പിടിയിൽ. പാപ്പിനിശ്ശേരി സ്വദേശി റാഷിദ് ആണ് വാഹന പരിശോധനയ്ക്കിടെ പൊലീസിന്റെ പിടിയിലായത്. മംഗലാപുരത്ത് നിന്ന് ഒന്നര കിലോ സ്വർണം മോഷ്ടിച്ചു കടത്തിയ സംഭവത്തിലെ പ്രതിയാണ് പാപ്പിനിശ്ശേരി സ്വദേശിയായ റാഷിദ്. ഇയാളെ പിടികൂടാനായി കർണാടകയിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിൽ എത്തിയിരുന്നു.
കച്ചേരിപ്പടിയിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ പൊലീസെത്തി. ഇവരെ കബളിപ്പിച്ച് വാഹനവുമായി രക്ഷപ്പെടുന്നതിനിടെയാണ് ബോൾഗാട്ടി പാലത്തിനു മുന്നിലെ കേരള പോലീസ് ചെക്കിങ് നടത്തുന്നതിന് മുന്നിൽ റാഷിദ് എത്തിയത്. ബാങ്കിൽ പോകുകയാണ് എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇയാൾ സത്യവാങ്മൂലം കാണിച്ചു.
ബാങ്ക് സമയം കഴിഞ്ഞിരുന്നതിനാൽ സംശയം തോന്നിയ പൊലീസ് രേഖകൾ പരിശോധിച്ചപ്പോഴാണ് കൂടുതൽ സത്യവാങ്മൂലങ്ങൾ വാഹനത്തിൽ കാണുന്നത്. തുടർന്ന് ബാഗിൽ നിന്ന് പണവും കണ്ടെടുത്തു. ഇതിനു ശേഷമാണ് കർണാടക പൊലീസ് അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് റാഷിദ് എന്ന് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് റാഷിദിനെയും സഹായിയായ കാലടി സ്വദേശി നിസാമിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. റാഷിദിനെയും നിസാമിനെയും കോടതിയിൽ ഹാജരാക്കും. തുടർന്ന് റാഷിദിനെ കസ്റ്റഡിയിൽ വാങ്ങാനാണ് കർണാടക പൊലീസിന്റെ തീരുമാനം. റാഷിദ് ഉൾപ്പെടെ അഞ്ചുപേരാണ് മംഗലാപുരത്തു നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ പ്രതികളായുള്ളത്.
Post Your Comments