കൊച്ചി: ഇരുപത്തേഴുകാരിയെ കൊച്ചിയിലെ ഫ്‌ളാറ്റിൽ കാമുകന്‍ ദിവസങ്ങളോളം തടഞ്ഞുവച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി മാർട്ടിൻ ജോസഫ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ ജാമ്യാപേക്ഷയുമായി ഇയാൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. മാർച്ചിലായിരുന്നു അത്. എന്നാൽ, ഇയാളുടെ മുൻകൂർ ജാമ്യ ഹർജി കോടതി അന്ന് തള്ളിയിരുന്നു. അന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലാറ്റില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ദേഹമാസകലം പരിക്കേറ്റ യുവതി രക്ഷപ്പെട്ടത് കാമുകന്‍ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ തക്കത്തിനാണ്. യുവതിയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
Also Read:പ്രതിദിന രോഗികള്‍ ഒരു ലക്ഷത്തിന് താഴെ: ആശ്വാസമായി രാജ്യത്തെ കോവിഡ് കണക്ക്
യുവതി എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് മാര്‍ട്ടിന്‍ ജോസഫിനെ പരിചയപ്പെടുന്നത്. പിന്നീട് രണ്ടുപേരും അടുത്ത സുഹൃത്തുക്കളായി. കഴിഞ്ഞ ലോക്ഡൗണില്‍ കൊച്ചിയില്‍ കുടുങ്ങിപ്പോയതോടെ യുവതി മാര്‍ട്ടിന്‍ ജോസഫിനൊപ്പം നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാൽ മാര്‍ട്ടിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ യുവതി ഇതു ചോദ്യം ചെയ്തു. അതിനു ശേഷമാണ് യുവതിയെ ക്രൂരപീഡനത്തിന് മാർട്ടിൻ ഇരയാക്കാൻ തുടങ്ങിയത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയുള്ള കാലയളവിലായിരുന്നു പീഡനം. യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇതിനിടെ ഇയാള്‍ പകര്‍ത്തിയിരുന്നു. ഫ്ലാറ്റിന് പുറത്ത് പോവുകയോ പീഡന വിവരം മറ്റാരോടെങ്കിലും പറയുകയോ ചെയ്താല്‍ വീഡിയോ പുറത്ത് വിടുമെന്നായിരുന്നു ഭീഷണി.
യുവാവിൽ നിന്നും രക്ഷപെട്ടോടിയ യുവതി വിവരം പോലീസിൽ പറഞ്ഞു. പരാതിയും നൽകി. കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തെങ്കിലും പൊലീസ് തുടർ നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. പ്രതിയുടെ ഉന്നത സ്വാധീനമാണ് കാരണം എന്നാണ് ആരോപണം. പ്രതി ഒളിവിലായതുകൊണ്ടാണ് നടപടി വൈകുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. പരാതി ലഭിച്ചയുടന്‍ മാര്‍ട്ടിനെ അന്വേഷിച്ച് മറൈന്‍ഡ്രൈവിലെ ഫ്ലാറ്റിലെത്തിയെങ്കിലും അവിടെ നിന്ന് കടന്നിരുന്നതായി എറണാകുളം സെന്‍ട്രല്‍ പൊലീസ് പറഞ്ഞു. പിന്നീട് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ചയോളം പൊലീസ് തൃശൂരില്‍ മാർട്ടിനു വേണ്ടി കാത്തിരുന്നു. പക്ഷെ മാർട്ടിനെ കണ്ടെത്താനായില്ല.
Post Your Comments