ബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹഷീഷ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു യൂനിറ്റ് നർക്കോടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്തു. കാസർകോട് സ്വദേശികളായ ആർ. ഖാൻ, എസ്. ഹുസൈൻ എന്നിവരാണ് അറസ്റ്റിൽ ആയത്.
രാജ്യാന്തര ലഹരികടത്ത് സംഘത്തിൽ ഉൾപ്പെട്ടവരാണിവരെന്ന് എൻ.സി.ബി അധികൃതർ പറഞ്ഞു. കൊറിയറായി ഖത്തറിലെ ദോഹയിലേക്ക് ലഹരിമരുന്നായ ഹഷീഷ് അയക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. 195 ചെറു ബാഗുകളിലായി 2.6 കിലോ ഹഷീഷ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. സ്കൂൾ ബാഗുകൾക്കുള്ളിലായി ചെറിയ പോക്കറ്റ് ബാഗുകളിലാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്. സ്കൂൾ ബാഗുകൾ കാർഡ് ബോർഡ് പെട്ടികളിലാക്കിയാണ് കൊറിയർ അയക്കാൻ എത്തിച്ചത്.
കാസർകോട് കേന്ദ്രമായുള്ള സംഘമാണ് ഇതിന് പിന്നിലെന്നും നേരത്തെയും സമാനമായ രീതിയിൽ ഹഷീഷ് പിടികൂടിയിട്ടുണ്ടെന്നും എൻ.സി.ബി പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ ദോഹയിലേക്ക് കടത്താൻ ശ്രമിച്ച 1.2 കിലോ ഹഷീഷ് എൻ.സി.ബി പിടികൂടിയത്. തുടർന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം വീണ്ടും കാർഗോ വഴി പാർസൽ അയക്കാൻ എത്തിയപ്പോൾ എൻ.സി.ബി സംഘം പരിശോധന നടത്തി ഇരുവരെയും പിടികൂടിയത്. രണ്ടു ദിവസങ്ങളിലായാണ് ആകെ 3.8 കിലോ ഹഷീഷ് പിടിച്ചെടുത്തത്.
Post Your Comments