KeralaLatest NewsNews

മോദി നോട്ട് നിരോധനം നടപ്പാക്കിയത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനല്ല കള്ളപ്പണത്തിന്റെ ഒഴുക്ക് കൂട്ടാനാണ് : പിണറായി വിജയന്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത് കള്ളപ്പണത്തിന്റെ ഒഴുക്ക് കൂട്ടാനാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഇടപെടല്‍ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ‘2016 നവംബര്‍ 8 ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത് ഇത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയയാണെന്നാണ്. എന്നാല്‍ അസംഘടിത മേഖലയ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചതൊഴിച്ചാല്‍ മറ്റെന്താണ് നോട്ടുനിരോധനം വഴി കൈവരിക്കാന്‍ കഴിഞ്ഞെതെന്ന് നാം പരിശോധിക്കേണ്ടതുണ്ടെന്നും’ മുഖ്യമന്ത്രി പറഞ്ഞു.

Read Also : സംസ്ഥാന ബി.ജെ.പിയില്‍ ഉടന്‍ അഴിച്ചുപണിയ്ക്ക് സാദ്ധ്യത , നേതാക്കളെ അച്ചടക്കം പഠിപ്പിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു

‘രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു വരവെ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പില്‍ ഒഴുകിയെത്താന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിര്‍മ്മാണമെന്നും’ മുഖ്യമന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ..

സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ വ്യാപനം വലിയ തോതില്‍ നടന്നുവെന്നത് നിസ്തര്‍ക്കമാണ്. കേന്ദ്രസര്‍ക്കാര്‍ തന്നെ ഇക്കാര്യം വിശകലനം ചെയ്യാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പല സമിതികളെ നിയമിച്ചിട്ടുണ്ട്. ഇതില്‍ ആദ്യത്തേതാണ് 1950 കളില്‍ നിയമിക്കപ്പെട്ട നിക്കളോസ് കല്‍ദോര്‍ കമ്മിറ്റി. അതിനു ശേഷം 1969ല്‍ നിയമിക്കപ്പെട്ട വാഞ്ചൂ കമ്മിറ്റി ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ അനുമാനം നടത്തി. 1800 കോടി രൂപയാണ് 1968-69 ല്‍ ഇന്ത്യയില്‍ നിലവില്‍ ഉണ്ടായിരുന്ന കള്ളപ്പണമെന്ന് കമ്മിറ്റി കണ്ടെത്തി. ഇതിനു ശേഷം 1984 ല്‍ കള്ളപ്പണത്തെപ്പറ്റി പഠനം നടത്താന്‍ കേന്ദ്ര ധനമന്ത്രാലയം മറ്റൊരു വിദഗ്ധ സമിതിയെ നിയമിച്ചു. അവരുടെ കണ്ടെത്തല്‍ ആഭ്യന്തര വരുമാനത്തിന്റെ 21 ശതമാനത്തോളം കള്ളപ്പണത്തിന്റെ വലിപ്പം വരുമെന്നാണ്. അതായത്, 48,422 കോടി രൂപയാണ് 1983-84 ല്‍ കള്ളപ്പണമായി ഇന്ത്യാ ഗവണ്‍മെന്റിന്റെ സമിതിതന്നെ അനുമാനിച്ചത്. അതിനുശേഷം 2013-14 ല്‍ 162 രാജ്യങ്ങളിലെ നിഴല്‍ സമ്പദ്ഘടനയെപ്പറ്റി പഠനം നടത്തിയ സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തിയത് 2013-14 ല്‍ ഇന്ത്യയില്‍ കള്ളപ്പണത്തിന്റെ തോത് ആഭ്യന്തരവരുമാനത്തിന്റെ 22 ശതമാനമാണെന്നാണ്. ആഭ്യന്തര വരുമാനം വളരുന്ന സംഖ്യയായതിനാല്‍ 2013-14 ല്‍ കള്ളപ്പണത്തിന്റെ കണക്ക് 25.53 ലക്ഷം കോടിയായാണ് കണക്കാക്കിയത്.

സമ്പദ്ഘടനയുടെയും നികുതി വരുമാനത്തിന്റെയും വളര്‍ച്ച വലിയ വേഗം കൈവരിച്ചില്ലെങ്കില്‍ പോലും കള്ളപ്പണത്തിന്റെ വളര്‍ച്ച അഭൂതപൂര്‍വ്വമായ ഗതിവേഗമാണ് രേഖപ്പെടുത്തിയത്. 1968 മുതല്‍ 1984 വരെ 25 ഇരട്ടി വളര്‍ന്ന കള്ളപ്പണം 2013-14 ല്‍ 50 ഇരട്ടിയാണ് വളര്‍ന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിനും ഭൂമിയിലെയും ഓഹരി വിപണിയിലെയും ഊഹകച്ചവടത്തിനുമാണ് ഉപയോഗിക്കപ്പെട്ടത്. ചുരുക്കത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ അന്തഃസത്തയെ ചോര്‍ത്തിക്കളയുന്ന രീതിയിലാണ് കള്ളപ്പണത്തിന്റെ അതിവേഗ വളര്‍ച്ചയുണ്ടായത്. ഉദാരവത്ക്കരണവും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യലും കള്ളപ്പണം താനേ ഇല്ലാതാകുന്നതിന് കാരണമാകുമെന്നാണ് അക്കാലത്തെല്ലാം അധികാരത്തിലുണ്ടായിരുന്ന സര്‍ക്കാരുകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, കണക്കുകള്‍ സൂചിപ്പിക്കുന്നത് മറിച്ചാണ്.

കോഴ ഇടപാടുകളും പൊതുമുതല്‍ കൊള്ളയടിക്കലും വന്‍തോതില്‍ കള്ളപ്പണത്തിന്റെ വളര്‍ച്ചക്ക് കാരണമായിത്തീരും. ഇങ്ങനെ ഉത്ഭവിക്കുന്ന കള്ളപ്പണത്തിന്റെ ഒരു ഭാഗം വിദേശത്തേക്ക് പോകുന്നത് പിന്നീട് ഹവാലപണമായി തിരിച്ചുവരുന്നതും പരക്കെ അറിയപ്പെടുന്ന വസ്തുതകളാണ്. ഇത്തരത്തില്‍ വിദേശത്ത് കടത്തിയ കള്ളപ്പണം കണ്ടെത്തി രാജ്യത്തേക്ക് കൊണ്ടുവരുമെന്നും സാധാരണക്കാരന് ആളോഹരി 15 ലക്ഷം രൂപയുടെ ഗുണം ലഭിക്കുമെന്നുമാണ് ബിജെപി 2014 ലെ തിരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിച്ചത്. അധികാരത്തില്‍ വന്ന് 100 ദിവസത്തിനുള്ളില്‍ വിദേശത്തുനിന്നുള്ള കള്ളപ്പണം നാട്ടിലെത്തിക്കുമെന്നായിരുന്നു വാഗ്ദാനം. കണ്ടുകെട്ടിയ എത്ര കള്ളപ്പണം നാട്ടിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്നുവരെ ജനങ്ങളോട് പറയാന്‍ കേന്ദ്രത്തിന്റെ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തിരിച്ചുകൊണ്ടുവന്ന പണത്തില്‍ നിന്നും ആര്‍ക്കും ഒരു പൈസ കിട്ടിയതായി അറിവായിട്ടില്ല.

2011 ല്‍ യുപിഎ രണ്ടാം സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലെ കള്ളപ്പണത്തിന്റെ തോത് എത്രയാണെന്ന് കണക്കാക്കാനും പരിഹാരനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും മൂന്ന് സ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് & പോളിസി, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപ്ലൈഡ് ഇക്കണോമിക് റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് എന്നിവയായിരുന്നു ഈ സ്ഥാപനങ്ങള്‍. ഇവ മൂന്ന് റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് 2013 ഡിസംബര്‍ 30 നാണ്. മറ്റു രണ്ടു റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കപ്പെട്ടത് ആദ്യത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്താണ്. (2014 ജൂലായ് 18 നും 2014 ആഗസ്റ്റ് 21 നുമാണ്) ഈ മൂന്നു റിപ്പോര്‍ട്ടുകളും പൊതുമണ്ഡലത്തില്‍ വയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. സുതാര്യതയില്ലായ്മയ്ക്ക് ഇതില്‍പ്പരം ഒരു ഉദാഹരണം ആവശ്യമില്ല. റിപ്പോര്‍ട്ടുകള്‍ പുറത്തുവരാത്തതിന്റെ മുഖ്യ കാരണം സമ്ബദ്വ്യവസ്ഥയിലെ കള്ളപ്പണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നുവെന്ന കണ്ടെത്തലുകളാണ് എന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2016 നവംബര്‍ 8 ന് നോട്ട് നിരോധനം നടപ്പാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞത് ഇത് കള്ളപ്പണം ഇല്ലായ്മ ചെയ്യാനുള്ള സാമ്പത്തിക ശസ്ത്രക്രിയയാണെന്നാണ്. കറന്‍സിയുടെ ചംക്രമണം കുറയുമ്പോള്‍ കള്ളപ്പണം കുറയുമെന്നും നമ്മുടെ സമ്പദ്ഘടനയില്‍ ആഭ്യന്തരവരുമാനത്തിന്റെ 12 ശതമാനം കറന്‍സിയാണെന്നും ഇത് 6 ശതമാനമായി കുറയ്ക്കാന്‍ കഴിയുമെന്നും നോട്ടുനിരോധനം ഈലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് പറഞ്ഞത്. എന്നാല്‍, നോട്ടുനിരോധനത്തിനു ശേഷം 5 വര്‍ഷം കഴിയാന്‍ പോവുകയാണ്. കറന്‍സി ആഭ്യന്തരവരുമാനത്തിന്റെ 14 ശതമാനമാണിപ്പോള്‍. അസംഘിടിത മേഖല്യ്ക്കും സാധാരണക്കാരനും ധാരാളം ദുരന്തം വിതച്ചതൊഴിച്ചാല്‍ മറ്റെന്താണ് നോട്ടുനിരോധനം വഴി കൈവരിക്കാന്‍ കഴിഞ്ഞെതെന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

തിരഞ്ഞെടുപ്പില്‍ കള്ളപ്പണത്തിന്റെ ഇടപെടല്‍ ജനാധിപത്യത്തെ അട്ടിമറിക്കലാണെന്നത് ആരും എടുത്തുപറയേണ്ട കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിംഗില്‍ സുതാര്യത വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരവെ അതിനെ പരിഹസിക്കുന്ന രീതിയിലാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ പുറപ്പെടുവിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയത്. കള്ളപ്പണം ആവശ്യത്തിന് തിരഞ്ഞെടുപ്പില്‍ ഒഴുകിയെത്താന്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നതാണ് ഈ നിയമനിര്‍മ്മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button