ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടെത്തിയത്. പൂനെയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.
ബ്രസീലില്‍ നിന്നും യുകെയില്‍ നിന്നും എത്തിയ അന്താരാഷ്ട്ര യാത്രക്കാരില്‍ നിന്നാണ് പുതിയ വകഭേദത്തെ കണ്ടെത്തിയത്. ശരീര ഭാരം കുറയുക, ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുക, ശ്വാസകോശത്തില്‍ അണുബാധയുണ്ടാകുക തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കാന്‍ പുതിയ വകഭേദത്തിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.
പുതുതായി കണ്ടെത്തിയ വകഭേദം കൂടുതല്‍ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വേരിയന്റിന് സമാനമായ വകഭേദമാണിത്. ആല്‍ഫാ വേരിയന്റുകളെ അപേക്ഷിച്ച് B.1.1.28.2 കൂടുതല്‍ അപകടകാരിയാണ്. വൈറസിന്റെ വകഭേദങ്ങളെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്നും ഇത് ഭാവിയില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ക്ക് സഹായകമാകുമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
Post Your Comments