ആലപ്പുഴ: കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതികരിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരഞ്ഞെടുപ്പു കാലത്ത് എല്ലാവരും കുഴല്‍പ്പണം കൊണ്ടുവരും. ബി.ജെ.പിക്കാര്‍ മണ്ടന്മാര്‍ ആയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുളളതെന്നും വെള്ളാപ്പളളി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു.
രമേശ് ചെന്നിത്തല നിരാശാബാധിതനായി കഴിയുകയാണ്. വി.ഡി. സതീശന്‍ ബഹുകേമനാണ്. നിയമസഭയില്‍ തിളങ്ങാന്‍ സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തില്‍ സതീശന്‍ വട്ടപ്പൂജ്യം ആണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി വിഷയത്തിലെ നിലപാടില്‍ ഭരണകക്ഷിയായ ഐ.എന്‍.എല്ലിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. വിധിയില്‍ ഐ.എന്‍.എല്‍. ലീഗിനൊപ്പം നിന്നെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രിയെ കടത്തിവെട്ടി ഐ.എന്‍.എല്‍. അഭിപ്രായം പറഞ്ഞു. പിന്നാക്കക്ഷേമ വകുപ്പ് പേരിനു പോലും പ്രവര്‍ത്തിക്കുന്നില്ല.മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം വരെ വിളിക്കേണ്ടി വന്നു. എന്തിനുവേണ്ടി, സമ്പത്തിനുവേണ്ടി. ന്യൂനപക്ഷമെന്ന് പറഞ്ഞ് ക്രിസ്ത്യന്‍ സമുദായത്തിനും മുസ്‌ലിം സമുദായത്തിനും ഭാഗംവെച്ച് കയ്യില്‍ കൊടുത്തപ്പോള്‍ അവരില്‍ ഒരു കൂട്ടര്‍ക്ക് എണ്‍പതായി(ശതമാനം)പ്പോയി. ഒരാള്‍ക്ക് 20(ശതമാനം) ആയിപ്പോയി.
അതില്‍ കോടതി അവര്‍ക്ക് നിഷേധാത്മകമായ ഒരു സമീപനം സ്വീകരിക്കുകയും ചെയ്തു. ഇവിടെ ഒന്നുംകിട്ടാത്ത ഒരു വിഭാഗം ഇവിടെയുണ്ട്. അവരെപ്പറ്റി ആരും പറയുന്നില്ല- വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Post Your Comments