News

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ പണം: കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു

കാസറഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരക്ക് മത്സരരംഗത്ത് നിന്ന് പിന്‍മാറാന്‍ പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് കെ. സുരേന്ദ്രനും രണ്ട് പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുക്കാൻ കാസറഗോഡ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.

ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെങ്കില്‍ കോടതിയുടെ പ്രത്യേക അനുമതി വേണമെന്നായിരുന്നു നിയമോപദേശം. തുടര്‍ന്നാണ് ഇടത് മുന്നണി സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശന്‍ കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ബി വകുപ്പ് പ്രകാരം പൊലീസ് കേസ് എടുക്കാനാണ് നിര്‍ദ്ദേശം.

നേരത്തെ, മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തനിക്ക് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്ന് കെ.സുന്ദര വെളിപ്പെടുത്തിയിരുന്നു. എന്നാൽ പണം തന്നുവെന്ന വെളിപ്പെടുത്തലിന് ശേഷം ബി.ജെ.പി നേതാക്കളില്‍ നിന്നും താനും കുടംബവും ഭീഷണി നേരിടുന്നുവെന്ന് കെ. സുന്ദര ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് കെ. സുന്ദരയ്ക്ക് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button