ചെന്നൈ: തമിഴ്‌നാട്ടിൽ പ്ലസ് 2 പരീക്ഷ റദ്ദാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരീക്ഷ റദ്ദാക്കിയ വിവരം അറിയിച്ചത്.
വിദ്യാഭ്യാസ വിദഗ്ധരുമായും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായും രക്ഷിതാക്കളുമായും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനം. പരീക്ഷ റദ്ദാക്കുന്നത് സംബന്ധിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് ഉയർന്നത്. എന്നാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു എല്ലാവരുടെയും ആവശ്യം. ഇതെല്ലാം കണക്കിലെടുത്താണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പരീക്ഷ റദ്ദാക്കിയത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളും നീട്ടിയിട്ടുണ്ട്. ജൂൺ 14 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷമാണ് ലോക്ക്ഡൗൺ ദീർഘിപ്പിക്കാൻ തീരുമാനിച്ചത്.
രോഗവ്യാപനം കുറഞ്ഞ ജില്ലകളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കോയമ്പത്തൂർ, നീലഗിരി, തിരുപ്പൂർ, ഈറോഡ്, സേലം, കരൂർ, നാമക്കൽ, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം, മയിലാടുതുറ എന്നിവിടങ്ങളിലാണ് ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സ്ഥലങ്ങളിൽ പച്ചക്കറി, മാംസം വിഭവങ്ങൾ, പഴം, പൂക്കൾ എന്നിവ വിൽക്കുന്ന കടകൾ, മത്സ്യ സ്റ്റാളുകൾ എന്നിവ രാവിലെ ആറ് മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കാം. എന്നാൽ മത്സ്യം മൊത്തവ്യാപാരം മാത്രമേ അനുവദിക്കൂവെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ആൾക്കൂട്ടം ഒഴിവാക്കാൻ ജില്ലാ ഭരണകൂടങ്ങൾ ആവശ്യമായ നടപടിയെടുക്കണമെന്നാണ് സംസ്ഥന സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.
Post Your Comments