കാസർകോട്: കെ.സുരേന്ദ്രന്റെ അപരനായ സ്ഥാനാർത്ഥി കെ. സുന്ദരയുടെ പരാമർശങ്ങൾ തള്ളി അമ്മ. ബിജെപി പ്രവർത്തകർ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറാൻ പണവും ഫോണും നൽകിയെന്നായിരുന്നു സുന്ദരയുടെ ആരോപണങ്ങൾ. ഫോൺ മകന്റെ കൈവശം നേരത്തെ ഉണ്ടായിരുന്നതാണെന്നും സുന്ദരയുടെ അമ്മ പറഞ്ഞു.
‘ബിജെപി നേതാക്കൾ രണ്ട് ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. 15 ലക്ഷം ചോദിച്ചെങ്കിലും രണ്ട് ലക്ഷം രൂപയാണ് കിട്ടിയത്. പണം നേതാക്കൾ വീട്ടിലെത്തി അമ്മയുടെ കയ്യിൽ കൊടുത്തു. കെ. സുരേന്ദ്രൻ ജയിച്ചാൽ കർണാടകത്തിൽ വൈൻ പാർലറും പുതിയ വീടും വാഗ്ദാനം ചെയ്തു’ എന്നും കെ സുന്ദര പറഞ്ഞിരുന്നു. എന്നാൽ സുന്ദര പറഞ്ഞതെല്ലാം അയാളുടെ അമ്മ നിഷേധിച്ചു. തങ്ങളുടെ കുടുംബം ഇപ്പോഴും ദാരിദ്ര്യത്തിലാണെന്നും വീട്ടിൽ ആരും പണം കൊണ്ട് തന്നിട്ടില്ലെന്നും സുന്ദരയുടെ അമ്മ ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.
കൂടാതെ പണം ആർക്കും നൽകിയിട്ടില്ലെന്നും സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും ബിജെപിയുടെ കാസർകോട് ജില്ലാ പ്രസിഡന്റ് ശ്രീകാന്തും ആവശ്യപ്പെട്ടിരുന്നു. എല്ലാം കെട്ടിച്ചമച്ച കഥയാണ്. അടിസ്ഥാന രഹിതമായ ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ മുസ്ലീം ലീഗ്-സിപിഎം ഗൂഢാലോചന ആണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മഞ്ചേശ്വരത്ത് ജയിച്ച എ കെ എം അഷറഫ് സുരേന്ദ്രനെതിരെയും ബിജെപിക്കെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.
Post Your Comments