വാഷിങ്ടണ്‍: പരിധിവിട്ട ആക്രമണങ്ങൾക്ക് സാമൂഹ്യമാധ്യമങ്ങൾ വഴി കോപ്പുകൂട്ടുന്ന എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ഇനി മുതൽ വിലക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ട്. യു.എസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനാണ് ഇത്തരത്തിൽ സമൂഹ മാധ്യമങ്ങളുടെ പ്രഹരമേറ്റത്. ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകൾ രണ്ടു വര്‍ഷത്തേക്ക് റദ്ദാക്കിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഭരണസിരാകേന്ദ്രമായ കാപിറ്റോളില്‍ അതിക്രമം അഴിച്ചുവിടാന്‍ പ്രേരിപ്പിച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ അനിശ്ചിത കാലത്തേക്ക് സമൂഹ മാധ്യമങ്ങളില്‍ വിലക്ക് വീണിരുന്നു. സമയം നിശ്ചയിക്കാത്ത വിലക്കിനെതിരെ ഫേസ്ബുക്ക് ഓവര്‍സൈറ്റ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു വര്‍ഷത്തേക്ക് വിലക്കാന്‍ തീരുമാനമെടുത്തത്.
Also Read:താരസംഘടനയ്ക്ക് മുന്നറിയിപ്പുമായി ഡോളർ കടത്ത് കേസ് അന്വേഷണ ഉദ്യോഗസ്ഥൻ : കത്ത് നൽകി
ആദ്യമായി വിലക്കുവീണ ജനുവരി ഏഴ് മുതൽ മുതല്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക് നിലനില്‍ക്കുക. അതുകഴിഞ്ഞ് തിരിച്ചുവന്നാലും കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോടെയാകും അനുവദിക്കുക. രാഷ്ട്രീയ നേതാക്കളുടെ ചെറിയ വിമര്‍ശനങ്ങളെ നടപടികളില്ലാതെ വിടാനുള്ള പരിരക്ഷ നയവും ഇതോടൊപ്പം ഫേസ്ബുക്ക് എടുത്തുകളഞ്ഞിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍ നടത്തുന്ന പരിധിവിട്ട ആക്രമണങ്ങള്‍ക്ക് ഇതോടെ സമൂഹ മാധ്യമങ്ങളില്‍ കൂച്ച് വീഴും.
എന്നാല്‍, പുതിയ നീക്കം തനിക്ക് വോട്ടുചെയ്ത ഏഴര കോടി അമേരിക്കക്കാരോടുള്ള വെല്ലുവിളിയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. 2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ മുന്നോടിയായി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം നേരത്തെ തുടങ്ങാമെന്ന മോഹങ്ങള്‍ക്കാണ് ഇതോടെ തിരിച്ചടിയാകുന്നത്. ട്രംപിനേറ്റ പ്രഹരം ഇനിയും പല നേതാക്കളെയും കാത്തിരിക്കുന്നുണ്ട്.
Post Your Comments