തിരുവനന്തപുരം: എല്‍.ഡി.സി, എല്‍.ജി.എസ് പരീക്ഷകളുടെ സിലബസ് ചോര്‍ന്നു എന്ന ആരോപണത്തിൽ വിശദീകരണവുമായി പി.എസ്.സി. സംഭവത്തില്‍ അസ്വഭാവികതയില്ലെന്നും ചെയര്‍മാൻ അംഗീകരിച്ച സിലബസ് എങ്ങനെ സമൂഹമാധ്യമങ്ങളില്‍ എത്തിയെന്ന് അറിയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. സിലബസ് രഹസ്യരേഖ അല്ലെന്നും ഉദ്യോഗാർഥികൾക്ക് ആവശ്യമായ തയാറെടുപ്പ് നടത്തുന്നതിനു മുൻകൂട്ടി പ്രസിദ്ധീകരിക്കുന്ന രേഖയാണെന്നും അധികൃതർ വ്യക്തമാക്കി.
സിലബസ് പി.എസ്.സിയുടെ ഔദ്യോഗിക സൈറ്റില്‍ വരുന്നതിന് മുമ്പുതന്നെ സമൂഹമാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചു എന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആരോപണം.
എന്നാല്‍, മൂന്നാം തീയതി തന്നെ പി.എസ്.സി സിലബസിന് ഔദ്യോഗികമായി അംഗീകാരം നല്‍കിയതാണെന്നും സംഭവത്തില്‍ അസ്വാഭാവികയില്ലെന്നുമാണ് പി.എസ്.സിയുടെ വിശദീകരണം. സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുൻപു തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും പി.എസ്.സി വ്യക്തമാക്കി.
Post Your Comments