ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ വാക്‌സിന്‍ ഫലപ്രദമായ ആയുധമാണെന്ന് എല്ലാവര്‍ക്കും അറിയാം. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡ് ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇടയ്‌ക്കെങ്കിലും പുറത്തുവരാറുണ്ട്. എന്നാല്‍, ഏറെ ആശ്വാസം നല്‍കുന്ന പഠന റിപ്പോര്‍ട്ടാണ് എയിംസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
Also Read: കോവിഡ് രോഗികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാൻ കൂട്ടനൃത്തവുമായി ആരോഗ്യ പ്രവര്‍ത്തകര്‍ : വീഡിയോ വൈറൽ
വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവര്‍ ആരും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മരിച്ചിട്ടില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം ബാധിച്ചാലും ഗുരുതരാവസ്ഥയിലേയ്ക്ക് പോകില്ലെന്നും മരിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യത്തെ കോവിഡ് വ്യാപനം മൂര്‍ധന്യത്തിലെത്തിയിരുന്നു. ഈ സാഹചര്യത്തിലും വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവര്‍ ആരും മരിച്ചിട്ടില്ലെന്നത് ശുഭസൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച 41 പുരുഷന്‍മാരും 22 സ്ത്രീകളും ഉള്‍പ്പെടെ 63 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇവരില്‍ 36 പേര്‍ രണ്ട് ഡോസും സ്വീകരിച്ചവരാണ്. 27 പേര്‍ ആദ്യ ഡോസും സ്വീകരിച്ചു. 10 പേര്‍ കൊവിഷീല്‍ഡും 53 പേര്‍ കൊവാക്‌സിനുമാണ് സ്വീകരിച്ചതെന്നും പഠനത്തില്‍ പറയുന്നു. പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കോവിഡിനെതിരെ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി കൈവരിക്കാന്‍ സാധിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments