വയനാട്: വൈത്തിരിയിലെ പട്ടയഭൂമിയിൽ നിന്നും ഈട്ടിമരം മുറിച്ച് കടത്തിയ സംഘം മാനന്തവാടിയിൽ നിന്നും മരങ്ങൾ മുറിച്ചു മാറ്റിയതായി റിപ്പോർട്ട്. തോട്ടഭൂമിയിലെ ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങളാണ് സംഘം മുറിച്ചു മാറ്റിയത്. റവന്യു ഉദ്യോഗസ്ഥരാണ് സംഘത്തിന് ഇതിന് വേണ്ട സഹായങ്ങൾ ചെയ്ത് നൽകിയത്.
തോട്ടഭൂമിയിലെ മരങ്ങൾ സർക്കാർ അനുമതിയില്ലാതെ മുറിക്കരുതെന്നാണ് ചട്ടം. ഭൂപരിഷ്‌കരണ നിയമപ്രകാരം തോട്ടഭൂമിയിലെ മരങ്ങളെല്ലാം സർക്കാരിന്റേതാണ്. ഈ മരങ്ങൾ മുറിച്ചു മാറ്റണമെങ്കിൽ റവന്യു ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നാണ് നിയമം. ഉണങ്ങി ദ്രവിച്ച മരങ്ങൾ മാത്രമെ മുറിച്ചു മാറ്റാൻ സർക്കാർ അനുമതി നൽകാവൂവെന്നും ഭൂപരിഷ്‌കരണ നിയമത്തിൽ നിർദ്ദേശിക്കുന്നു. ഈ നിയമങ്ങളെല്ലാം ലംഘിച്ചാണ് മാനന്തവാടിയിൽ റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വൻ തട്ടിപ്പ് നടന്നിരിക്കുന്നത്.
ഈട്ടിയും തേക്കും മറ്റ് വില കൂടിയ മരങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ തട്ടിപ്പ് സംഘം മുറിച്ചു വിറ്റു. സംഭവത്തിൽ നിരവധി തവണ പരാതി നൽകിയിട്ടും അന്വേഷണം നടക്കാത്തത് ഉദ്യോഗസ്ഥ രാഷ്ട്രീയ ബന്ധം മൂലമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Post Your Comments