കോഴിക്കോട്: ഒരേ സമയം രണ്ട് ഡോസ് കോവിഡ് വാക്സീന്‍ നല്‍കിയതിനെ തുടര്‍ന്നു കുഴഞ്ഞു വീണ വീട്ടമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. വേളം തീക്കുനി കാരക്കണ്ടി നിസാറിന്റെ ഭാര്യ റജിലയെ (44) ആണ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇത് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ വീഴ്ചയാണ്. നേരത്തെ വെച്ചൂച്ചിറ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ കോവിഡ് വാക്‌സിനേഷനിടയിലും സമാന പരാതി ഉയര്‍ന്നിരുന്നു.
മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു തവണ മരുന്ന് കുത്തിവച്ച സംഭവത്തില്‍ രോഗിയുടെ മുഖത്ത് നീരുവരികയും ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു തവണ വാക്സിൻ നൽകിയില്ലെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദം പൊളിഞ്ഞിരുന്നു. ഇരട്ട വാക്‌സിനേഷന്‍ നടന്നുവെന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വെച്ചൂച്ചിറ അച്ചടിപ്പാറ കുന്നം നിരവത്ത് വീട്ടില്‍ എന്‍.കെ. വിജയനാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടു ഡോസ് വാക്‌സിനും കുത്തി വച്ചത്. ഇതേ ന്യായം തന്നെയാണ് ആയഞ്ചേരിയിലും തെറ്റുകാര്‍ പറയുന്നത്.
ചൊവ്വ വൈകിട്ട് മുന്നേകാലോടെ ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് റജിലയും നിസാറും വാക്‌സീന്‍ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്പ് എടുത്തത് എന്തിനെന്ന് അപ്പോള്‍ തന്നെ ചോദിച്ചിരുന്നെന്ന് നിസാര്‍ പറഞ്ഞു. കുത്തിവയ്പ് എടുത്തതിനു ശേഷം മൂന്നു മണിക്കൂര്‍ അവിടെ നിര്‍ത്തിയതിനു ശേഷമാണ് വിട്ടത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോള്‍ അതിനു ആര്‍എംഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോള്‍ കുഴഞ്ഞു വീണ റജിലയെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്ഥതയുണ്ടെന്നും നിസാര്‍ പറഞ്ഞു. പക്ഷാഘാതത്തിന്റെ ലക്ഷണമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുമെന്ന് പറഞ്ഞു.
Post Your Comments